കുടുംബത്തെ പണിതുയർത്താൻ ശ്രമിക്കണം: മാർ മഠത്തിക്കണ്ടത്തിൽ
1569787
Monday, June 23, 2025 11:35 PM IST
മൂവാറ്റുപുഴ: വൈധവ്യത്തിന്റെ ഓർമകളിൽ ജീവിതത്തെ തളച്ചിടാതെ കുടുംബത്തെ പണിതുയർത്താനും സഭയോട് ചേർന്ന് ദൈവരാജ്യ നിർമിതിക്കായി പ്രവർത്തിക്കാനും തയാറാകണമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
കോതമംഗലം രൂപത യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലോക വിധവാ ദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപത ഡയറക്ടർ റവ.ഡോ. ആന്റണി പുത്തൻകുളം അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ജോയിസ് മേരി ആന്റണി മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിവികാരി റവ. ഡോ.മാനുവൽ പിച്ചളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. യൂദിത്ത് നവോമി കെസിബിസി ജനറൽ സെക്രട്ടറി മേരി ജോണ് മാർഗരേഖ പ്രകാശനം ചെയ്തു. മാതൃവേദി രൂപത പ്രസിഡന്റ് ജാൻസി മാത്യു, രൂപത അനിമേറ്റർ സിസ്റ്റർ കാരുണ്യ, രൂപത വൈസ് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, മിനി മാനുവൽ ജൂഡി, ജെസി ജയിംസ്, ഷീജ റെന്നി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്നു കലാപരിപാടികളും അരങ്ങേറി.