യുവതിയെയും അമ്മയെയും ഉപദ്രവിച്ചതായി പരാതി
1570459
Thursday, June 26, 2025 7:46 AM IST
വണ്ണപ്പുറം: വിവാഹമോചനത്തിന് കേസ് കൊടുത്ത് സ്വന്തം വീട്ടിൽ കഴിയുന്ന യുവതിയെയും അമ്മയെയും ഭർത്താവ് ദേഹോപദ്രവം ഏൽപ്പിച്ചതായി പരാതി. സംഭവത്തിൽ യുവതി തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകി.
യുവതിയെ ഉപദ്രവിക്കുയോ ഇവരുടെ വീട്ടിൽ കയറുകയോ ചെയ്യരുതെന്ന് ഇയാൾക്കെതിരേ തൊടുപുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. വണ്ണപ്പുറം ഒടിയപാറ മാട്ടൂക്കാരൻ അരുണിനെതിരേയാണ് യുവതിയും അമ്മയും കാളിയാർ പോലീസിൽ പരാതി നൽകിയത്.
വീട്ടിലെത്തിയ ഇയാൾ അമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഇത് തടയാൻ ശ്രമിച്ച തന്നെ തലമുടിക്ക് കുത്തിപ്പിടിച്ച് മുഖത്തിന് ഇടിച്ചെന്നുമാണ് യുവതിയുടെ പരാതി. ഇവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.
ആശുപത്രിയിൽനിന്ന് അറിയിച്ചെങ്കിലും കേസ് എടുക്കാൻ കാളിയാർ പോലീസ് തയാറായില്ലെന്നും തുടർന്നാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയതെന്നും ഇവർ പറഞ്ഞു.