ഉദ്ഘാടനത്തില്‍നിന്ന് എംപിയെ ഒഴിവാക്കി; യുഡിഎഫ് ചടങ്ങ് ബഹിഷ്കരിക്കും
1570455
Thursday, June 26, 2025 7:46 AM IST
നെടുങ്കണ്ടം: ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങില്‍നിന്ന് എംപിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്കരിക്കും. പാമ്പാടുംപാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്നു മുണ്ടിയെരുമ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഉദ്ഘാടനച്ചടങ്ങാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ അംഗങ്ങളും ബഹിഷ്ക്കരിക്കുന്നത്.
ഡീന്‍ കുര്യാക്കോസ് എംപി മുന്‍കൈയെടുത്ത് കേന്ദ്രാവിഷ്കൃത പദ്ധതിയായ എന്‍എച്ച്എം ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് അദ്ദേഹത്തെ രാഷ്ട്രീയ പ്രേരിതമായി ഒഴിവാക്കിയെന്നാണ് ആരോപണം.
ഡീന്‍ കുര്യാക്കോസ് കഴിഞ്ഞ ടേമില്‍ എംപിയായിരിക്കെ അനുവദിച്ച തുകയില്‍ മൂന്നുവര്‍ഷം മുമ്പ് തീര്‍ക്കേണ്ടിയിരുന്ന നിര്‍മാണ ജോലികള്‍ നീണ്ടുപോയതിന് പിന്നില്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണെന്ന് യുഡിഎഫ് ആരോപിച്ചു.
ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തിടുക്കത്തില്‍ കെട്ടിടം ഉദ്ഘാടനം നടത്തുന്പോൾ ആവശ്യമായ ഫര്‍ണീച്ചറോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. ഉദ്ഘാടനം നടത്തി ക്രെഡിറ്റ് തട്ടുന്നതിനുള്ള വിലകുറഞ്ഞ ശ്രമമാണ് പഞ്ചായത്ത് ഭരണസമിതി നടത്തുന്നത്.
ഒരു പൊതുജനാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്പ്പോലും രാഷ്ട്രീയം കലര്‍ത്തുന്ന സിപിഎം ഭരണസമിതിയുടെ ഹീനമായ നടപടിയില്‍ പ്രതിഷേധിച്ച് ഭരണസമിതിയിലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷാംഗങ്ങളും പാര്‍ട്ടിഘടകങ്ങളും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റുമായ സി.എസ്. യശോധരന് അറിയിച്ചു.