കോതമംഗലം രൂപതദിനം ഇന്നു കാളിയാറിൽ
1570855
Friday, June 27, 2025 11:46 PM IST
കാളിയാർ: കോതമംഗലം രൂപത ദിനാഘോഷം ഇന്നു കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30നു സമൂഹബലിയോടെ ആഘോഷപരിപാടികൾ ആരംഭിക്കും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു പാരിഷ്ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ രൂപതാദിന സന്ദേശം നൽകും. മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും. രൂപത വികാരി ജനറാൾ മോണ്‍. വിൻസെന്റ് നെടുങ്ങാട്ട് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎൽഎ എന്നിവർ പ്രസംഗിക്കും.
വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ, മുതലക്കോടം ഹോളിഫാമിലി ആശുപത്രി മുൻ സൂപ്രണ്ട് ഡോ. ഇ.വി. ജോർജ്, സിസ്റ്റർ ആർക്കെയ്ഞ്ചൽ എസ്എബിഎസ് എന്നിവരെ ചടങ്ങിൽ ആദരിക്കും. കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് മുണ്ടുനടയിൽ സ്വാഗതവും കോതമംഗലം രൂപത പിആർഒ ജോർജ് ജോസഫ് കേളകം നന്ദിയും പറയും. രൂപതയിലെ വൈദികർ, കൈക്കാരന്മാർ, ഭക്തസംഘടനാ പ്രതിനിധികൾ, സന്യസ്തർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.