ചെക്ക് ഡാം കം ബ്രിഡ്ജ് നിർമാണത്തിന് 7.44 കോടി
1571728
Monday, June 30, 2025 11:59 PM IST
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ സെമിനാരി പടിക്കു സമീപം പാൽകുളം തോടിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമാണത്തിനും ജലസേചന പദ്ധതിക്കുമായി 7.44 കോടി രൂപ അനുവദിച്ചു. 2.89 കോടി രൂപയ്ക്കാണ് ചെക്ക് ഡാമും പാലവും അപ്രോച്ച് റോഡും നിർമിക്കുന്നത്. ശേഷിക്കുന്ന തുക ജലസേചന പദ്ധതിക്കായി നീക്കി വയ്ക്കും.
25 മീറ്റർ നീളവും 6.4 മീറ്റർ വീതിയുമുള്ള പാലവും 5.5 മീറ്റർ വീതിയുള്ള അപ്രോച്ച് റോഡുമാണ് ഇവിടെ നിർമിക്കുന്നത്. ചെക്ക് ഡാമിൽ ജലം ശേഖരിച്ച് പ്രദേശത്ത് ഡ്രിപ്പ് ഇറിഗേഷൻ നടത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിന് പാലം ഉയർത്തി നിർമിക്കുകയുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.വലിയ വാഹനങ്ങൾക്കും ഭാര വാഹനങ്ങൾക്കും സുഗഗമായി സഞ്ചരിക്കതക്ക രീതിയിലാണ് പാലം നിർമിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഇതേത്തുടർന്നു പഞ്ചായത്തിന്റെ അനുമതിയോടെ നിലവിലുണ്ടായിരുന്ന പാലം പൊളിച്ചു നീക്കുന്നതിനുള്ള നടപടികളുമായിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പാലം പൊളിച്ച് നീക്കി മഴക്കാലം ആരംഭിക്കുന്നതിനു മുന്പ് ജോലികൾ ആരംഭിക്കാനായിരുന്നു ശ്രമം. എന്നാൽ, നേരത്തേ മഴ ആരംഭിച്ചതോടെ തോട്ടിൽ ജലനിരപ്പ് ഉയർന്നതും നിർമാണം ആരംഭിക്കുന്നതിന് തടസമായി.
മഴ കുറയുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല.