ജാതിക്കാ പൊഴിയുന്നതിനു കാരണം കുമിൾരോഗബാധ
1571445
Sunday, June 29, 2025 11:49 PM IST
തൊടുപുഴ: കനത്ത മഴയിൽ പാകമാകാത്ത ജാതിക്കാ വ്യാപകമായി പൊഴിയുന്നതിനു കാരണം കുമിൾരോഗബാധയാണെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. കുഞ്ചിത്തണ്ണിയിലെ ജാതിത്തോട്ടങ്ങളിൽ ഫൈറ്റോഫ്തോറ കുമിൾബാധയും ബോറോണ് അപര്യാപ്തതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജാതിക്കൃഷിയെ ബാധിക്കുന്ന ഗുരുതരമായ ഇലക്കായ പൊഴിച്ചിലിനു കാരണമാകുന്ന പ്രശ്നമാണ് ഫൈറ്റോഫ്ത്തോറ കുമിൾബാധ.
മേയ് അവസാനം മുതലുണ്ടായ തുടർച്ചയായ കനത്ത മഴമൂലം കർഷകർക്ക് കുമിളിനെ പ്രതിരോധിക്കുന്നതിനുള്ള ബോർഡോ മിശ്രിതം തളിക്കാൻ സാധിച്ചിരുന്നില്ല. ഇതും രോഗവ്യാപനത്തിന് പ്രധാന കാരണമായി. രോഗം ബാധിച്ച കൊഴിഞ്ഞ കായകളും ഇലകളും നീക്കം ചെയ്തതിനുശേഷം ട്രൈക്കോഡെർമ, സന്പുഷ്ട ചാണകം മരമൊന്നിന് അഞ്ചു കിലോ എന്നതോതിൽ കടയ്ക്കൽ ഇട്ടുകൊടുക്കണം.സ്യുടോമോനാസ് 30 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മരത്തിൽ തളിക്കണം. കൂടാതെ നീർവാർച സൗകര്യം ഉറപ്പാക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.
ഒരു ശതമാനം ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് ലിറ്ററിന് 2.5 ഗ്രാം എന്നിവയിലേതെങ്കിലും കുമിൾനാശിനി ഇലകളിലും കായ്കളിലും തണ്ടിലും വീഴത്തക്ക വിധത്തിൽ പശ ചേർത്ത് തളിക്കുക. മരത്തിനു ചുറ്റും തടമെടുത്ത് കോപ്പർ ഹൈഡ്രോക്സൈഡ് ലിറ്ററിന് 2.5 ഗ്രാം, അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് ലിറ്ററിന് മൂന്ന് ഗ്രാം, മരം ഒന്നിന് 1020 ലിറ്റർ എന്ന തോതിൽ ഒഴിച്ചുകൊടുക്കണം.
കൂടാതെ വെള്ളനിറത്തിൽ പത്രിയോടുകൂടി കായ് പൊട്ടി വീഴുകയാണെങ്കിൽ ബോറോണിന്റെ അപര്യാപ്തതയുണ്ടാകും. ബോറിക് ആസിഡ് ലിറ്ററിന് രണ്ടു ഗ്രാം ചേർത്ത് ഇലകളിൽ തളിക്കുകയോ 50 ഗ്രാം ബോറാക്സ് മണ്ണിൽ ചേർത്ത് കൊടുക്കുകയോ ചെയ്യണം.