ഗവ. ആശുപത്രി വളപ്പിൽനിന്ന് ചന്ദനം മോഷണം പോയി
1571438
Sunday, June 29, 2025 11:49 PM IST
മറയൂർ: സർക്കാർ ആശുപത്രി വളപ്പിൽനിന്ന് അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയി. ആശുപത്രിയുടെ പിൻവശത്ത് വനംവകുപ്പിന്റെ ഓഫീസിന് സമീപമുള്ള പ്രദേശത്തുനിന്നാണ് മരം മോഷ്ടിച്ചത്. രാത്രി മുഴുവൻ വാച്ചർമാരുടെ നിരീക്ഷണത്തിലുള്ള സുരക്ഷിത മേഖലയിൽനിന്നാണ് ചന്ദനം ആരുമറിയാതെ മോഷ്ടാക്കൾ കടത്തിയത്. വനംവകുപ്പിന്റെ നിയമമനുസരിച്ച് റിസർവ് വനമേഖലയിൽനിന്നു മാത്രമാണ് ചന്ദന മോഷണവുമായി ബന്ധപ്പെട്ട് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നത്.
സ്വകാര്യ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോനിന്ന് ചന്ദനം മോഷണം പോയാൽ അന്വേഷണച്ചുമതല പോലീസിനാണ്. ഇക്കാരണത്താൽ ആശുപത്രി വളപ്പിലെ മോഷണത്തിൽ വനംവകുപ്പ് ഇടപെടാൻ സാധ്യത കുറവാണ്. സ്വകാര്യ ഭൂമിയിലും പൊതുസ്ഥലങ്ങളിലും ചന്ദനമോഷണം പതിവായിട്ടുണ്ടെങ്കിലും ഫലപ്രദമായ അന്വേഷണം നടക്കാത്തത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
വനംവകുപ്പിന്റെ ഓഫീസിന് തൊട്ടടുത്തുള്ള വാച്ചർമാരുടെ നിരന്തര നിരീക്ഷണത്തിലുള്ള പ്രദേശത്തു നടന്ന ചന്ദനമോഷണം സുരക്ഷാ വ്യവസ്ഥകളിലെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.