പാലം പണിയാൻ ചെക്ക് ഡാം പൊളിച്ചു; ഇപ്പോൾ പാലവും ചെക്ക്ഡാമുമില്ല
1571451
Sunday, June 29, 2025 11:49 PM IST
ചെറുതോണി: കനത്ത മഴയിൽ വെള്ളം കവിഞ്ഞൊഴുകുന്ന ചെക്ക് ഡാം പാലം നിർമിക്കാനായി പൊളിച്ചുമാറ്റി. കാലവർഷം ആരംഭിച്ചതിനാൽ പാലം നിർമാണം തുടങ്ങാനായില്ല. പ്രദേശവാസികൾ ദുരിതക്കയത്തിൽ. പാൽക്കുളം തോടിന് കുറുകെ മഞ്ഞപ്പാറയിൽ ഇടുക്കി രൂപതയുടെ മൈനർ സെമിനാരിക്കു സമീപമുള്ള ചെക്ക് ഡാമാണ് പൊളിച്ചുനീക്കിയത്.
മഴ പെയ്താൽ തോട്ടിലെ വെള്ളം ചെക്ക്ഡാമിന് മുകളിലൂടെ കവിഞ്ഞൊഴുകുന്നത് പതിവായിരുന്നു. വെള്ളം താഴുന്നതുവരെ വാഹനങ്ങൾക്കോ ജനങ്ങൾക്കോ മറുകര എത്താൻ സാധിച്ചിരുന്നില്ല. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യപ്രകാരമാണ് ഇവിടെ പാലം നിർമിക്കാനുള്ള അനുമതിയായത്.
മന്ത്രി റോഷി അഗസ്റ്റിൻ ഇറിഗേഷൻ വകുപ്പിൽനിന്ന് കോടികൾ ഇതിനായി അനുവദിപ്പിച്ചു. 26 മീറ്ററോളം നീളമുള്ള പാലമാണ് ഇവിടെ രൂപകല്പന ചെയ്തിരിക്കുന്നത്. പാലം നിർമിക്കാൻ പ്രദേശവാസികളെ ഉൾപ്പെടുത്തി കമ്മിറ്റിയും രൂപീകരിച്ചു. മേയ് പകുതി കഴിഞ്ഞ് കരാറുകാരൻ ചെക്ക്ഡാം പൊളിച്ചു. തോടിന് ആഴവും വീതിയും കൂട്ടി.
എന്നാൽ, ദിവസങ്ങൾക്കകം കാലവർഷമാരംഭിച്ചതോടെ പാലംപണി മുടങ്ങി. കരാറുകാരൻ യന്ത്രങ്ങളുമായി മടങ്ങുകയും ചെയ്തു. ഇപ്പോൾ നാട്ടുകാർക്ക് മറുകര കടക്കാൻ മാർഗമില്ലാതായിരിക്കുകയാണ്.
ഇരുകരയിലും സ്ഥലമുള്ളവരും സ്കൂൾ വിദ്യാർഥികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തോടിനു സമീപമുള്ള മൃഗാശുപത്രിയിലും അങ്കണവാടിയിലും വാഴത്തോപ്പ് സ്കൂളിലുമെല്ലാം എത്തണമെങ്കിൽ കിലോമീറ്റർ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്.
യാതൊരുവിധ ആലോചനയുമില്ലാതെ ചെക്ക്ഡാം പൊളിച്ചതിനാൽ ഇനി മാസങ്ങളോളം നാട്ടുകാർക്കു ദുരിതയാത്രതന്നെ.