പടികയറി വലഞ്ഞ് ഡയാലിസിസ് രോഗികൾ
1571738
Monday, June 30, 2025 11:59 PM IST
തൊടുപുഴ: നൂറുകണക്കിന് രോഗികൾ ചികിൽസതേടിയെത്തുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലാകുന്നത് രോഗികളെ കടുത്ത ദുരിതത്തിലാക്കുന്നു. ചികിത്സാർഥം മുകൾ നിലകളിലേക്കു പോകേണ്ട രോഗികളാണ് ലിഫ്റ്റ് തകരാർ മൂലം വലയുന്നത്.
പലപ്പോഴും രോഗികളെ കസേരയിലിരുത്തി മുകളിലെ നിലകളിലേക്ക് ബന്ധുക്കൾ ചുമന്ന് കയറ്റേണ്ട സാഹചര്യമാണുള്ളത്. ഇന്നലെ ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായത് നിരവധി രോഗികൾക്കും കൂടെ വന്നവർക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്.
ഡയാലിസിസ് ചെയ്യേണ്ട രോഗികളും ബന്ധുക്കളുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. വൃക്ക രോഗികൾക്കുള്ള ഒപി പ്രവർത്തിക്കുന്നത് താഴെത്ത നിലയിലാണ്. ഇവിടെ പഞ്ച് ചെയ്ത ശേഷം അഞ്ചാം നിലയിലെത്തി വേണം ഡയാലിസിസിന് വിധേയമാകാൻ.
പ്രായാധിക്യത്താൽ വലയുന്ന പലർക്കും പടികൾ കയറി അഞ്ചാം നിലയിൽ എത്താനുള്ള ശാരീരിക സ്ഥിതിയില്ല. ഇതേത്തുടർന്ന് ബന്ധുക്കളും ഒപ്പമുള്ളവരും കസേരയിലിരുത്തി അഞ്ചാം നിലയിലേക്ക് രോഗികളെ ചുമന്ന് കയറ്റുകയും ഡയാലിസിസ് കഴിഞ്ഞ് തിരികെ ഇതേരീതിയിൽ ചുമന്ന് താഴെ ഇറക്കുകയും വേണം. ചിലർ ഏറെ സമയമെടുത്ത് പടികൾ കയറിയാണ് മുകളിൽ എത്തുന്നത്.
ഇതിനിടെ ഇവർക്ക് ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ഓങ്കോളജി ഒപിയും ഇതേ രീതിയിൽ താഴത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. ഇത് കാൻസർ രോഗികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ലിഫ്റ്റ് തകരാറിലായി രോഗികൾ ദുരിതത്തിലായതോടെ പരാതിയും പ്രതിഷേധവും ശക്തമായി. ഇതോടെ ലിഫ്റ്റിന്റെ അറ്റുകുറ്റ പണികൾ നടത്തുന്നവരെ വിളിച്ചു വരുത്തി ഉച്ചക്ക് ശേഷം തകരാർ പരിഹരിച്ചു. സെൻസറുമായി ബന്ധപ്പെട്ട തകരാർ മൂലമാണ് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചത്. ഉള്ളിൽ പ്രവേശിക്കുന്നതിനു മുന്പ് തകരാറിലായതിനാൽ ലിഫ്റ്റിൽ കുടുങ്ങാതെ തലനാരിഴയ്ക്കാണ് രോഗികൾ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടത്.
രണ്ടാഴ്ച മുന്പ് പുതിയ കെട്ടിടത്തിലേയും ലിഫ്റ്റ് തകരാറിലായിരുന്നു. അന്നും ദിവസങ്ങളോളം രോഗികളെ മുകൾ നിലകളിലേക്ക് ചുമന്നാണ് എത്തിച്ചത്. ഇതു സ്ഥാപിച്ച കന്പനിതന്നെ പിന്നീട് തകരാർ പരിഹരിക്കുകയായിരുന്നു.
പഴയ കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലാകുന്നത് പതിവു സംഭവമാണ്. ചിലപ്പോൾ ദിവസങ്ങളോളം ലിഫ്റ്റ് പ്രവർത്തനരഹിതമായി കിടക്കും. ഇത് സ്ഥാപിച്ചതിനു ശേഷം ഇത്തരത്തിൽ തകരാർ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾക്കായി ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. ഈ തുക ഉപയോഗിച്ച് പുതിയ ലിഫ്റ്റ് സ്ഥാപിക്കാമായിരുന്നുവെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ഡയാലിസിസ് ചെയ്യുന്നതിന് താഴത്തെ നിലയിൽ തന്നെ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഡയാലിസിസ് ചെയ്യുന്നത് മുകൾ നിലയിലായതിനാൽ ലിഫ്റ്റ് ഉണ്ടെങ്കിൽ പോലും ഒന്നിൽ കൂടുതൽ സഹായികളുമായി വരേണ്ട അവസ്ഥയാണുള്ളത്. ഒപി റൂമിനോട് ചേർന്നുതന്നെ ഡയാലിസിസിന് സൗകര്യം ഏർപ്പെടുത്തിയാൽ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി രോഗികൾക്ക് അത് ഉപകാരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതോടൊപ്പം ഓങ്കോളജി ഒപിക്കു സമീപത്തായി കാൻസർ രോഗികളെ ചികിത്സിക്കുന്നതിനുള്ള മുറിയും സജ്ജീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.