പേവിഷബാധയ്ക്കെതിരേ പ്രതിജ്ഞ അപഹാസ്യം: കെപിഎസ്ടിഎ
1571729
Monday, June 30, 2025 11:59 PM IST
തൊടുപുഴ: പ്രതിരോധ കുത്തിവയ്പ് എടുത്ത വിദ്യാർഥി പേ വിഷബാധയേറ്റു മരിക്കാനിടയായ സംഭവം അന്വേഷിക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിക്ക് പേവിഷബാധയേറ്റതെന്നത് അത്യന്തം ദുഃഖകരമായ കാര്യമാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അവരുടെ ചികിത്സാ പ്രോട്ടോകോൾ പരിശോധിച്ച് ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതിനു പകരം കുട്ടികളെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് പേ വിഷബാധ അകറ്റാമെന്ന നിർദേശം നൽകിയത് അപഹാസ്യമാണ്.
തെരുവുനായ്ക്കളെ യഥാസമയം വന്ധ്യംകരിച്ച് കുട്ടികൾക്കും സമൂഹത്തിനും ഉപദ്രവം വരാതെ നോക്കേണ്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞു മാറാനാവില്ല. ആരോഗ്യ, തദ്ദേശ വകുപ്പുകളെ ഏകോപിപ്പിച്ച് കുട്ടികൾക്കും സമൂഹത്തിനും നായ്ക്കളിൽനിന്നു സംരക്ഷണം ഏർപ്പെടുത്തണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു.