ആരോഗ്യവകുപ്പിൽ മെന്റർമാരായി കരാർ നിയമനം വേണ്ടെന്ന് ഉത്തരവ്
1571439
Sunday, June 29, 2025 11:49 PM IST
തൊടുപുഴ: ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ഏകാരോഗ്യപദ്ധതിയിൽ ജില്ലാ മെന്റർമാരായി കരാർ നിയമനം നൽകിയവരുടെ കരാർ പുതുക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായിരുന്നു മെന്റർമാരായി ആരോഗ്യ വകുപ്പിൽ വിരമിച്ച ജീവനക്കാരെ കരാറടിസ്ഥാനത്തിൽ നിയമിച്ചത്. ഇവരുടെ നിയമനം സംബന്ധിച്ച് വലിയ ആക്ഷേപം ഉയർന്നിരുന്നു.
യുവജനങ്ങളുടെ തൊഴിൽസാധ്യത നഷ്ടപ്പെടുത്തി വിരമിച്ചവർക്ക് വലിയ തുക ശന്പളം നൽകി നിയമനം നടത്തിയെന്നും നിയമിക്കപ്പെട്ടവർ സർവീസ് കാലഘട്ടത്തിൽ ഒരു പ്രത്യേക സംഘടനയിൽ മാത്രം പ്രവർത്തിച്ചവർ ആണെന്നുമായിരുന്നു ആക്ഷേപം.
ജില്ലാ മെന്റർമാരുടെ കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ഇവർ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായി ഏകാരോഗ്യ പദ്ധതി ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് കരാർ പുതുക്കേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്.
മെന്റർമാരുടെ ജോലികൾ താത്കാലികമായി പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരായ ഹെൽത്ത് ഇൻസ്പെക്ടർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ്, എംഎൽഎസ്പി നഴ്സുമാർ എന്നിവരിൽ ആർക്കെങ്കിലും നൽകാനും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ തൊഴിൽരഹിതരായ യോഗ്യരായ ഉദ്യോഗാർഥികളെ പരിഗണിക്കുന്ന കാര്യത്തിൽ ഉത്തരവിൽ നിർദേശമില്ല.