മലയോര ഹൈവേ നിർമാണം: മണ്ണിടിച്ചിൽ ഭീഷണിയിൽ കുടുംബം
1571450
Sunday, June 29, 2025 11:49 PM IST
കട്ടപ്പന: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാഞ്ചിയാർ സ്വരാജിൽ വ്യാപകമായി മൺതിട്ട ഇടിച്ചുനിരത്തിയതിനെത്തുടർന്ന് മേഖലയിൽ വ്യാപക മണ്ണിടിഞ്ഞ് നിരവധി വീടുകൾ അപകട ഭീഷണിയിലായി. മണ്ണെടുത്ത ഭാഗങ്ങളിൽ വേണ്ടത്ര സുരക്ഷയില്ലാതെയാണ് കൽക്കെട്ടുകൾ നിർമിച്ചിരിക്കുന്നത്. പലയിടങ്ങളിലും കൽക്കെട്ട് നിർമാണം പൂർത്തീകരിച്ചിട്ടുമില്ല. ഇതോടെയാണ് മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.
കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലിൽ വീടുകൾ ഉൾപ്പെടെയാണ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. ഇടിഞ്ഞ ഭാഗത്ത് വീണ്ടും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. പത്താഴപുരയ്ക്കൽ റോജേഷിന്റെ വീടും പുലിക്കുന്നേൽമുകളിൽ അനിൽകുമാറിന്റെ വീടും അപകടാവസ്ഥയിലാണ്.
മണ്ണ് നീക്കിയതോടെ വീടുകളിലേക്കുള്ള വഴിയും നഷ്ടപ്പെട്ടു. ഇതിൽ ഒരു വീട്ടിലേക്കുള്ള വഴി മാത്രമാണ് നിലവിൽ കരാറുകാരൻ നിർമിച്ചു നൽകിയിട്ടുള്ളത്. സ്കൂൾ വിദ്യാർഥികളടക്കമുള്ളവർ ജീവൻ പണയം വച്ചാണ് നടപ്പുവഴി ഉപയോഗിക്കുന്നത്.
നിലവിൽ വിള്ളലുണ്ടായ ഭാഗങ്ങളിൽ പ്ലാസ്റ്റിക് ചാക്കുകൾവച്ച് വെള്ളം ഇറങ്ങാതെ സുരക്ഷ ഒരുക്കേണ്ട ഗതികേടിലാണ് കുടുംബങ്ങൾ.