രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് തുറന്നു
1572016
Tuesday, July 1, 2025 11:42 PM IST
രാജകുമാരി: രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച പുതിയ ബ്ലോക്കിന്റെയും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ടോയ്ലറ്റിന്റെയും ഉദ്ഘാടനം എം.എം. മണി നിർവഹിച്ചു.
എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 70 ലക്ഷം രൂപ മുടക്കിയാണ് ബ്ലോക്ക് നിർമാണം പൂർത്തിയാക്കിയത്. 2021-22 വർഷത്തിൽ 40 ലക്ഷം രൂപയും, 2024-25ൽ 30 ലക്ഷവും മുടക്കിയാണ് നിലവിലുള്ള ആശുപത്രി കെട്ടിടത്തിന്റെ മുകൾനിലയിൽ 3300 ചതുരശ്ര അടിയിൽ റാമ്പോടുകൂടിയ ബ്ലോക്ക് നിർമിച്ചത്. ഇതിന്റെ ഭാഗമായി നിർമിച്ച വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനവും നടന്നു.
ജില്ലാ പഞ്ചായത്ത്, ടോയ്ലറ്റ് കോംപ്ലക്സിനായി 21 ലക്ഷം രൂപയാണ് അനുവദിച്ചത്.
1974ൽ ഡിസ്പെൻസറിയായി വാടകക്കെട്ടിടത്തിൽ ആരംഭിച്ച ആരോഗ്യകേന്ദ്രം 2020ലാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.
ഇപ്പോൾ മൂന്നു ഡോക്ടർമാരുടെ സേവനം ലഭിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ എല്ലാ വിഭാഗത്തിലും ജീവനക്കാരുമുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ലിൻഡാ സാറാ കുര്യൻ, സംഘാടകസമിതി കൺവീനർ എം.എൻ. ഹരിക്കുട്ടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ എന്നിവർ പ്രസംഗിച്ചു. റാങ്ക് ജേതാക്കളേയും എസ്എസ്എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും ചടങ്ങിൽആദരിച്ചു.