സീതയുടെ മരണം നെഞ്ചിലും കഴുത്തിലും ഏറ്റ പരുക്കുകൾ മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
1572012
Tuesday, July 1, 2025 11:42 PM IST
പീരുമേട്: തോട്ടാപ്പുരയിലെ ആദിവാസി സ്ത്രീ സീത(42)യുടെ മരണം നെഞ്ചിലും കഴുത്തിലും ഏറ്റ പരിക്കുകൾ മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഒരു ഡസനിലധികം പരിക്കുകൾ സീതയുടെ ശരീരത്തിൽ കാണപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പഠിച്ചശേഷം തുടർ അന്വേഷണത്തിലേക്കു കടക്കാനാണ് പോലീസിന്റെ തീരുമാനം.
സീതയുടെ നാഭിക്കു തൊഴിയേറ്റതിന്റെ പരിക്കും തലയുടെ രണ്ടു വശങ്ങളും പരുക്കൻ പ്രതലത്തിൽ ഇടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ട്. മുഖത്ത് അടിയേറ്റിട്ടുണ്ട്. ഇടതു - വലതു വശത്തെ വാരിയല്ലുകളിൽ പൊട്ടലുകളുണ്ട്. ഇവയിൽ ചിലതു ശ്വാസകോശത്തിലേക്കു തുളഞ്ഞു കയറി. ഇത്തരം കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ 13ന് ശബരിമല വനമേഖലയുടെ ഭാഗമായ മീൻമുട്ടിയിൽവച്ചാണ് സീതക്കു പരിക്കേറ്റത്. ഭർത്താവിനോടും രണ്ടു മക്കളോടും ഒപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നാണ് ഭർത്താവ് ബിനു പോലീസിനോടു പറഞ്ഞത്.
പരിക്കേറ്റ സീതയെ പീരുമേട് താലൂക്ക് ആശുപത്രി എത്തിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു പിന്നാലെ സീതയുടെ ശരീരത്തിൽ കാണപ്പെട്ട പരിക്കുകളിൽ സംശയമുണ്ടെന്ന് ഫോറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണൻ പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. കേസിൽ ബിനുവിന്റെയും മക്കളുടെയും മൊഴികൾ രണ്ടു തവണ പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ, അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇപ്പോൾ ഒന്നും പറയാനില്ലെന്ന നിലപാടിലാണ് പോലീസ്.