വിനോദ യാത്രാ സംഘം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു
1572013
Tuesday, July 1, 2025 11:42 PM IST
മൂന്നാർ: വിനോദയാത്രാ സംഘം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു. ചെന്നൈ ഊരന്പാക്കം സ്വദേശി പ്രകാശൻ (58) ആണ് മരിച്ചത്. ഡ്രൈവർ അടക്കം 12 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കോയന്പേട് സ്വദേശികളായ മണിരത്നം (33), പ്രീതി (25), തേൻമൊഴി (53), ചെല്ലം (45), കാവേരി (27), സതീഷ് (32), ശിവപ്രിയ (30), ഊരന്പാക്കം സ്വദേശികളായ ദിയ (51), വരലക്ഷ്മി (47) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ കൂടാതെ ഒരു കുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ തമിഴ്നാട് തേനി മെഡിക്കൽ കോളജിലും മറ്റിടങ്ങളിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആത്തുകാട് സ്വദേശിയായ അശ്വിനാണ് വാഹനം ഓടിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ 10ന് മൂന്നാറിലെ പോതമേടിൽനിന്ന് ആത്തുക്കാട് പോകുന്ന വഴിയിൽ ടീവാലി ജംഗ്ഷനു സമീപമാണ് അപകടം ഉണ്ടായത്.
കയറ്റം കയറിവരുന്നതിനിടെ വളവു തിരിക്കുന്നതിയായി പിന്നോട്ട് എടുക്കവേ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി അമിതവേഗത്തിൽ പിന്നോട്ടുവന്ന ജീപ്പ് തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അന്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞ വാഹനം നിരവധി തവണ കരണം മറിഞ്ഞ ശേഷമാണ് നിന്നത്. ജീപ്പ് പൂർണമായും തകർന്നു.
മൂന്നാർ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് രണ്ടു കുടുംബങ്ങളിലുള്ള ചെന്നൈ സ്വദേശികൾ മൂന്നാറിൽ എത്തിയത്. പോതമേടിന് അടുത്തുള്ള റിസോർട്ടിലായിരുന്നു താമസം. രാവിലെ മൂന്നാറിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ടാക്സി വിളിച്ച ജീപ്പാണ് അപകടത്തിൽ പ്പെട്ടത്. തേയിലത്തോട്ടത്തിലെ തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ റോഡിൽ എത്തിച്ച് വിവിധ വാഹനങ്ങളിലായി മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്നുമാണ് മറ്റിടങ്ങളിലേക്കു മാറ്റിയത്.