ജില്ലാ ഭരണസിരാകേന്ദ്രത്തിനു മുന്നിലും കെഎസ്ഇബിയുടെ അനാസ്ഥ
1572014
Tuesday, July 1, 2025 11:42 PM IST
ചെറുതോണി: ജില്ലാ ഭരണസിരാ കേന്ദ്രത്തിനു മുന്നിൽപോലും കെഎസ്ഇബിയുടെ അനാസ്ഥ വെളിവാകുന്നു. കളക്ടറേറ്റിന് മുന്നിലെ ത്രീ ഫെയ്സ് വൈദ്യുതി ക്കമ്പിക്കിടയിലൂടെ വളർന്നുനിൽക്കുന്ന മുളകൾ മുറിച്ചു മാറ്റാൻപോലും നടപടിയില്ല.
അടുത്തടുത്ത് രണ്ടിടത്തായി ഇത്തരത്തിൽ മുളകൾ വളർന്നുനിന്നിട്ടും പതിവായി ഇവിടെയെത്തുന്ന വൈദ്യുതിവകുപ്പ് ജീവനക്കാർ കണ്ടതായിപ്പോലും നടിക്കുന്നില്ലത്രെ. വൈദ്യുതി വകുപ്പിലെ ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥൻ മുതൽ ഏറ്റവും താഴെതട്ടിലെ ജീവനക്കാരൻ വരെ മാസം പല പ്രാവശ്യം കളക്ടറേറ്റിലെത്താറുള്ളതാണ്.
ആർക്കെങ്കിലും അപകടമുണ്ടായാൽ മാത്രമേ കെഎസ്ഇബി ഉണരുകയുള്ളുവെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം. മുളകൾ വളർന്നുനിൽക്കുന്നതിനടുത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസിനോടുചേർന്ന് രണ്ട് വൈദ്യുതിത്തൂണുകളിൽ സ്റ്റേ വയറിലൂടെ കാട്ടുവള്ളികൾ വളർന്ന് വൈദ്യുതിക്കമ്പിയിലെത്തിയിട്ടും വെട്ടി മാറ്റാൻ തയാറാകാത്തതും കെഎസ്ഇബി യുടെ അനാസ്ഥ വ്യക്തമാക്കുന്നതാണ്.