ഗാർഹിക പീഡനം: യുവതി ജീവനൊടുക്കാൻ ശ്രമിച്ചു
1572353
Thursday, July 3, 2025 12:05 AM IST
ഭർത്താവിനെതിരേ
വധശ്രമക്കേസ്
തൊടുപുഴ: ഗാർഹിക പീഡനത്തത്തുടർന്ന് യുവതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഭർത്താവിനെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തു. പല്ലാരിമംഗലം അടിവാട് സ്വദേശിനിയായ യുവതിയുടെ പിതാവിന്റെ പരാതിയെത്തുടർന്നാണ് ഭർത്താവ് പുറപ്പുഴ ആനിമൂട്ടിൽ ടോണി മാത്യുവിനെതിരേ കരിങ്കുന്നം പോലീസ് കേസെടുത്തത്,
ഭർതൃവീട്ടിലെ കടുത്ത മാനസിക, ശാരീരിക പീഡനങ്ങളെത്തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. പതിമൂന്നുകാരിയുടെ അമ്മയായ യുവതി ഗുരുതര നിലയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ടോണി മാത്യുവിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവർക്കെതിരേ യും പരാതിയിൽ ആരോപണമുണ്ട്.
ഇരുപതു പവന്റെ സ്വർണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും നൽകിയാണ് മകളെ ടോണിക്ക് വിവാഹം ചെയ്തു നൽകിയതെന്ന് പിതാവ് പറയുന്നു. ഭർതൃവീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പിന്നീട് നാലു ലക്ഷം രൂപ പലപ്പോഴായി വാങ്ങി. വീട്ടുകാരുടെ പ്രേരണയാൽ ടോണി മകളെ നിരന്തരം മർദിച്ചിരുന്നു. നൽകിയ പണവും സ്വർണവും നശിപ്പിക്കുകയും ചെയ്തു. ഇതിനിടെ വീട്ടിൽ വഴക്കുണ്ടായതിനെത്തുടർന്ന് മകളും ഭർത്താവും കുട്ടിയും വാടക വീട്ടിലേക്ക് താമസം മാറി. ഇവിടെ വച്ചും മകളെയും പേരക്കുട്ടിയെയും നിരന്തരം ഉപദ്രവിച്ചു. ഇക്കാര്യം ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പേരക്കുട്ടി പോലീസിനെ അറിയിച്ചിരുന്നു.
ഇതിനിടെ മകളോട് പോയി മരിക്കാൻ പറയുകയും ചെയ്യുമായിരുന്നു. ഭർത്താവിൽ നിന്നു നേരിട്ട കടുത്ത പീഡനം സഹിക്കവയ്യാതെയാണ് മകൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നും അതിനാൽ പ്രതികൾക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതി. സിഐ ഇ.കെ. സോൾജിമോന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.