‘സുന്ദരി യാത്രയായി’
1572351
Thursday, July 3, 2025 12:05 AM IST
കട്ടപ്പന: കട്ടപ്പന വെള്ളയാംകുടിയിലും കെഎസ്ആർടിസി ഡിപ്പോ ജംഗ്ഷനിലുമെല്ലാം ആളുകൾ വിചിത്രമായ ഒരു ഫ്ലക്സ് ബോർഡ് കണ്ടു. ഒരു നായയുടെ ചരമം അറിയിക്കുന്നതായിരുന്നു അത്. ആളുകൾക്ക് ഫ്ലക്സ് ബോർഡ് വിചിത്രമായിരുന്നുവെങ്കിലും വെള്ളയാംകുടികാർക്കും കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്കും ആ ഫ്ലക്സ് ബോർഡിന് പിന്നിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും വലിയൊരു കഥ പറയാനുണ്ടായിരുന്നു.
2018ലെ പ്രളയകാലത്ത് ഒരു രാത്രി ഒരു നായ്ക്കുട്ടിയുടെ നിര്‍ത്താതെയുള്ള കുരകേട്ട് പുറത്തിറങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തിരിച്ചുകിട്ടിയത് അവരുടെ ജീവനായിരുന്നു. ഈ സമയം മണ്ണിടിച്ചിലുണ്ടാകുമെന്ന് മനസിലാക്കിയ ജീവനക്കാര്‍ ഡിപ്പോയ്ക്കുള്ളിലുണ്ടായിരുന്ന വാഹനങ്ങള്‍ പെട്ടെന്നുതന്നെ റോഡിലേക്ക് മാറ്റി.
കുറച്ചുസമയത്തിനുശേഷം ഡിപ്പോയ്ക്കു സമീപം വന്‍ മണ്ണിടിച്ചിലുണ്ടായി. ഡിപ്പോയുടെ വർക്ഷോപ്പ് അടക്കം മണ്ണിനടിയിലായി. അതിന്റെ അവിശേഷിപ്പുകൾ ഇന്നും ഡിപ്പോയുടെ പരിസരങ്ങളിൽ ഉണ്ട്.
അതിനുശേഷം കെഎസ്ആര്‍ടിസി ജീവനക്കാരുടെയും വെള്ളയാംകുടിയിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും വ്യാപാരികളുടെയും കണ്ണിലുണ്ണിയായി മാറി സുന്ദരി എന്ന വിളിപ്പേര് കിട്ടി വളര്‍ന്ന നായക്കുട്ടി. പ്രദേശവാസികള്‍ തെരുവുനായകള്ക്കെതിരേ പ്രതികരിക്കുമ്പോഴും സുന്ദരിയെ ഇവര്‍ ഒഴിവാക്കി.
എന്നാല്‍, കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയുടെ അടിയില്‍ത്തന്നെ പെട്ട് സുന്ദരിയുടെ ജീവന് നഷ്ടമായി.
മറ്റൊരു നായും വെള്ളയാംകുടി ടൗണിലെത്താന്‍ സുന്ദരി സമ്മതിക്കുമായിരുന്നില്ല. പരിസരവാസികളല്ലാത്ത ആരെ കണ്ടാലും ഒന്നു വിരട്ടിവിടും. ഇതൊക്കെ കടയടച്ച് വീട്ടില്‍ പോകുന്ന വ്യാപാരികള്‍ക്ക് ആശ്വാസമായിരുന്നു.