മറയൂരിലെ ചന്ദനമോഷണം: രണ്ടു പ്രതികൾകൂടി പിടിയിൽ
1572344
Thursday, July 3, 2025 12:05 AM IST
മറയൂർ: കഴിഞ്ഞ 25 ന് മറയൂർ സർക്കാർ ആശുപത്രി വളപ്പിൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പിന്നിൽനിന്നു ചന്ദനമരം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾകൂടി പിടിയിലായി. തിരുവനന്തപുരം പേരൂർക്കാവ് കാട്ടാക്കട സ്വദേശി രഞ്ജിത്ത്, വയനാട് മേപ്പാടി സ്വദേശി അക്ഷയ് എന്നിവരെയാണ് മറയൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം ഒന്നും രണ്ടും പ്രതികളായ തിരുവനന്തപുരം സ്വദേശിയായ അജിത്കുമാർ, മറയൂർ പട്ടിക്കാട് സ്വദേശിയായ മകേഷ് എന്നിവരെ പിടികൂടിയിരുന്നു.
കഴിഞ്ഞയാഴ്ച മറയൂരിൽ എത്തിയ മഹേഷ് മറ്റു മൂന്നു പേരെയും വിളിച്ചുവരുത്തി ക്വാർട്ടേഴ്സ് വളപ്പിലെ ചന്ദനം മുറിച്ചു കടത്തുകയായിരുന്നു. മഹേഷിന്റെ മാശിവയലിലുള്ള വീട്ടിൽ ചന്ദനം സൂക്ഷിച്ചു . 27ന് ചെത്തിയ ഒരുക്കിയ ചന്ദനം കിറ്റിലാക്കി മറയൂരിൽ നിന്നുള്ള ഒരു ഓട്ടോറിക്ഷ വിളിച്ച് മൂന്നാറിൽ എത്തിച്ചു. മൂന്നാറിൽ എത്തിയതിനുശേഷം രഞ്ജിത്തും അക്ഷയും ചന്ദനവുമായി തിരുവനന്തപുരത്തേക്ക് പോയി. മഹേഷും അജിത്തും മറയൂർ പട്ടിക്കാട്ടിലെ വീട്ടിലേക്കും പോയി.
ഇതിനിടെ ചന്ദന മോഷണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെത്തുടർന്ന് മറയൂർ പോലീസ് നടത്തിവന്ന അന്വേഷണത്തിന് ഒടുവിലാണ് സമാന കേസിൽ മുൻപും അറസ്റ്റിലായിട്ടുള്ള മഹേഷിനെ സംബന്ധിച്ചും അജിത്തിനെ സംബന്ധിച്ചും വിവരം ലഭിച്ചത്. പ്രാദേശികമായി നടത്തിയ അന്വേഷണത്തിൽ അപരിചിതരായ ചിലർ മഹേഷിന്റെ വീട്ടിൽ എത്തിയിട്ടുണ്ട് എന്ന് വിവരം ലഭിച്ചു.
തുടർന്നാണ് കഴിഞ്ഞ രാത്രി സിഐ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് വീട് വളഞ്ഞ് അജിത് കുമാറിനെയും മഹേഷിനെയും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ മറ്റു രണ്ടു പ്രതികളെ കുറിച്ചും സൂചന ലഭിച്ചു. തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ അക്ഷയ്, രഞ്ജിത്ത് എന്നിവരെ ഉദുമൽപേട്ടയിൽവച്ച് പിടികൂടുകയായിരുന്നു. നാലു പേരെയും റിമാൻഡ് ചെയ്തു.