തൊഴിലാളികളുമായി അമിതവേഗത്തിൽ എത്തിയ ജീപ്പ് കാറുമായി കൂട്ടിയിടിച്ചു
1572349
Thursday, July 3, 2025 12:05 AM IST
നെടുങ്കണ്ടം: ബാലഗ്രാമില്‍ തൊഴിലാളിജീപ്പ് കാറുമായി കൂട്ടിയിടിച്ചു. തൊഴിലാളികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തൂക്കുപാലം - കമ്പംമെട്ട് റോഡില്‍ ബാലഗ്രാമില്‍ ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം.
കമ്പത്തുനിന്ന് ഉടുമ്പന്‍ചോല മേഖലയിലെ ഏലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുമായി വന്നതായിരുന്നു ജീപ്പ്. കൂട്ടാര്‍ ഭാഗത്തുനിന്നു വന്ന ജീപ്പ് അന്യാര്‍തൊളു റൂട്ടിലേക്ക് തിരിഞ്ഞ കാറിൽ ഇടിക്കുകയായിരുന്നു. യുവതി ഓടിച്ചിരുന്ന കാറിലാണ് ജീപ്പ് ഇടിച്ചത്. അപകടത്തില്‍ ജീപ്പിന്റെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. കാറിനും കേടുപാടുകള്‍ സംഭവിച്ചു.
സംഭവത്തെത്തുടര്‍ന്ന് ഈ റൂട്ടില്‍ ഓടുന്ന തൊഴിലാളി വാഹനങ്ങള്‍ക്ക് അമിത വേഗതയാണെന്ന് ആരോപിച്ച് പിന്നാലെ എത്തിയ മറ്റ് തൊഴിലാളി വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. കഴിഞ്ഞയാഴ്ച അണക്കരയില്‍ തൊഴിലാളി ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിക്കാനിടയായതാണ് നാട്ടുകാര്‍ പ്രതിഷേധിക്കാന്‍ കാരണം. പിന്നീട് പോലീസ് ഇടപെട്ടാണ് തൊഴിലാളി ജീപ്പുകള്‍ കടത്തിവിട്ടത്.