ലോട്ടറി മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ
1572346
Thursday, July 3, 2025 12:05 AM IST
കട്ടപ്പന: പുതിയ ബസ്സ്റ്റാൻഡി ലെ ലോട്ടറിക്കടയിൽനിന്ന് പണവും ലോട്ടറി ടിക്കറ്റുകളും അപഹരിച്ച മോഷ്ടാവിനെ മണിക്കൂറു കൾക്കുള്ളിൽ പിടികൂടി കട്ടപ്പന പോലീസ്. ഡിവൈഎസ്പി വി. എ. നിഷാദ്മോന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
നിരവധി മോഷണക്കേസിലെ പ്രതി കൂട്ടാർ ചേലമൂട് ചരുവിളപുത്തന്‍വീട്ടിൽ ആക്രി ഷാജി എന്നറിയപ്പെടുന്ന ഷാജി (52) ആണ് പിടിയിലായത്. സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇയാൾ മോഷണത്തിനു ശേഷം ഒളിവിൽ പോകാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പിടിയിലായത്. പീച്ചി, തൊടുപുഴ, കമ്പംമെട്ട്, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ മോഷണക്കേസ് നിലവിലുണ്ട്. കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരേ പോക്സോ കേസും നിലവിലുണ്ട്.
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അശോക ലോട്ടറി ഏജന്‍സിയിലാണ് തിങ്കളാഴ്ച അര്‍ധരാത്രി മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തകര്‍ത്ത് ഉള്ളില്‍കടന്ന മോഷ്ടാവ് ലോട്ടറി ടിക്കറ്റുകളും മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ജീവനക്കാരി കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്.
മോഷണത്തിനുശേഷം ഓട്ടോറിക്ഷയില്‍ നെടുങ്കണ്ടത്തെത്തിയ ഷാജി, മറ്റൊരു ഓട്ടോറിക്ഷയില്‍ കൂട്ടാറിലെ വീട്ടിലെത്തി. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. നെടുങ്കണ്ടത്തുനിന്ന് പ്രതി വീട്ടിലെത്താന്‍ ഓട്ടം വിളിച്ച ഓട്ടോറിക്ഷയും കണ്ടെത്തി. തുടര്‍ന്ന് ഡ്രൈവറുടെ സഹായത്തോടെ കൂട്ടാറിലെ വീട്ടില്‍നിന്ന് ഷാജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കട്ടപ്പന ഡി വൈഎസ്പി വി.എ.നിഷാദ് മോൻ, കട്ടപ്പന സിഐ ടി.സി. മുരുകൻ, എസ്ഐ എബി ജോർജ്, ജൂണിയർ എസ്ഐ എസ്.എസ്. ശ്യാം, എസ്സിപിഒമാരായ കെ.എം. ബിജു, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്.