മിഷലും പൗലോസും രക്ഷകരായി; നാരായണന് പുതുജീവൻ
1572352
Thursday, July 3, 2025 12:05 AM IST
തൊടുപുഴ: നടക്കാനാവാതെ അവശ നിലയിൽ പാതയോരത്തു കണ്ടെത്തിയയാളെ ആശുപത്രിയിലെത്തിച്ച് നഴ്സുമാർ മാതൃകയായി. ഉപ്പുകുന്ന് സ്വദേശി നാരായണനാണ് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ അത്യാഹിത വിഭാഗം മെയിൽ നഴ്സുമാരായ മിഷൽ ടോം ജോർജ്, പൗലോസ് ജോണ് എന്നിവർ രക്ഷകരായത്.
ചൊവ്വാഴ്ച രാത്രി പത്തോടെ ഡ്യൂട്ടി കഴിഞ്ഞ് ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തൊടുപുഴ-ഉടുന്പന്നൂർ റൂട്ടിൽ ഏഴുമുട്ടം ഭാഗത്ത് റോഡരികിൽ അവശനായി നാരായണനെ കാണുന്നത്. മഴ നനഞ്ഞ് നടക്കാനാവാതെ നിരങ്ങി നീങ്ങുന്ന അവസ്ഥയിലായിരുന്നു ഇയാൾ.
സ്കൂട്ടറിൽ മുന്നിൽ പോയ മിഷലാണ് ആദ്യം ഇയാൾക്കരികിലെത്തിയത്. പിന്നാലെ പൗലോസ് എത്തിയപ്പോൾ സഹായത്തിനായി വിളിച്ചു. തുടർന്ന് ഇരുവരും ചേർന്ന് വാഹനത്തിൽ കയറ്റി സമീപത്തുള്ള കടയുടെ വരാന്തയിലെത്തിച്ചു.
പ്രാഥമിക ശുശ്രൂഷകൾ നല്കിയ ശേഷം കരിമണ്ണൂർ പോലീസിനെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി നാരായണനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മിഷലും പൗലോസും ആശുപത്രിയിൽ എത്തി ഇയാൾക്ക് മതിയായ ചികിൽസ ഉറപ്പു വരുത്തിയ ശേഷമാണ് മടങ്ങിയത്.
ഇരുവരുടെയും സമയബന്ധിതമായ ഇടപെടൽ അപരിചിതനും നിരാലംബനുമായ നാരായണന് ചികിത്സ ലഭ്യമാകുന്നതിന് സഹായകരമായതായി കരിമണ്ണൂർ പോലീസ് പറഞ്ഞു. മിഷലിനെയും പൗലോസിനെയും ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേരി ആലപ്പാട്ട് അഭിനന്ദിച്ചു.