തേനിയിൽ ബൈക്ക് ബസിലിടിച്ച് തീപിടിച്ചു
1572355
Thursday, July 3, 2025 12:05 AM IST
കുമളി: തമിഴ്നാട്ടിലെ തേനിക്കു സമീപം വീരപാണ്ടിയിൽ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി ഇരുവാഹനങ്ങൾക്കും തീപിടിച്ചു. ബസിലെ യാത്രക്കാർ തീ കണ്ട് ഭയന്ന് പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. ബൈക്ക് യാത്രികനെ പരിക്കുകളോടെ തേനി മെഡിക്കൽ കേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മധുരയിൽ നിന്ന് കന്പത്തേക്ക് പോവുകയായിരുന്ന ബസിൽ എതിർദിശയിൽനിന്നു വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അഗ്നിശമന സേന എത്തിയാണ് തീ പൂർണമായും അണച്ചത്.
ബൈക്ക് പൂർണമായും കത്തിനശിച്ചു. നിരപ്പായ റോഡിൽ അപകടം പതിവാണ്. നാലുമാസം മുൻപ് ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് തീപിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങൾക്ക് കാരണം.