ജലവിതരണ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് തകർന്നു
1572343
Thursday, July 3, 2025 12:05 AM IST
കുടയത്തൂർ: ജലവിതരണപൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചതിനെത്തുടർന്നു റോഡ് തകർന്നു. കുടയത്തൂർ പഞ്ചായത്തിലെ 11, 7 വാർഡുകളിൽപ്പെടുന്ന കോളപ്ര- അടൂർമല റോഡാണ് തകർന്നത്. മഴക്കാലം ആരംഭിച്ചതോടെ വാഹന ഗതാഗതം സാധ്യമാകാത്തവിധം പൂർണമായി റോഡ് തകർന്ന നിലയിലാണ്. ജലവിതരണപൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി വേണ്ടവിധം മൂടാത്തതാണ് പ്രശ്നം സങ്കീർണമാക്കിയതെന്നു നാട്ടുകാർ പറയുന്നു.
നൂറുകണക്കിനു ജനങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള യാത്രാമാർഗമാണ് അവഗണിക്കപ്പെട്ടു കിടക്കുന്നത്. ജലവിതരണപൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി മൂടാത്തതിനാൽ മറ്റ് കരാറുകാർ നിർമാണം ഏറ്റെടുക്കുന്നില്ല. കരാറുകാർക്ക് ചെയ്ത ജോലിയുടെ ബിൽ മാറിക്കിട്ടാത്തതിനാൽ അവർ പുതിയ ജോലി ഏറ്റെടുക്കാനും തയാറാകുന്നില്ല.
ജലവിതരണപൈപ്പ് സ്ഥാപിക്കുന്നതിനുള്ള മുഴുവൻ തുകയും അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ കോടികൾ ലഭിക്കാനുണ്ടെന്നാണ് കരാറുകാരൻ പറയുന്നത്. സ്ഥലം എംഎൽഎ മന്ത്രിയായിട്ടും റോഡിന്റെ കാര്യത്തിൽ അവഗണന തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കുടയത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെയും രണ്ടാം വാർഡിലെയും റോഡുകളുടെ അവസ്ഥയും ഇതുതന്നെയാണ്. രണ്ടു വർഷം മുൻപ് പൊളിച്ച കുടയത്തൂർ പഞ്ചായത്തിലെ റോഡുകൾ പലതും ഇനിയും പൂർവ സ്ഥിതിയിലാക്കിയിട്ടില്ല. പഞ്ചായത്തിലൂടെ കടന്നുപോകുന്ന തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയുടെ ശങ്കരപ്പള്ളി മുതൽ കാഞ്ഞാർ വരെയുള്ള ഭാഗം, പ്രധാന ടൂറിസ്റ്റ്കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള കാഞ്ഞാർവഴിയുള്ള റോഡ്, കാഞ്ഞാർ - ആനക്കയം റോഡ്, പഞ്ചായത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ മറ്റ് റോഡുകൾ എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
ജലവിതരണപൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി വേണ്ടവിധം മൂടാതിരുന്നതാണ് റോഡ് തകരാൻ കാരണമെന്ന് വാർഡ് മെംബർ ഷീബ ചന്ദ്രശേഖരപിള്ള പറഞ്ഞു.
പ്രശ്നപരിഹാരത്തിനായി അധികൃതരെ നിരന്തരം ബന്ധപ്പെട്ടെങ്കിലും നടപടിയായിട്ടില്ല. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ട് അപര്യാപ്തമായതിനാൽ കരാറുകാർ നിർമാണം ഏറ്റെടുക്കാൻ തയാറാകുന്നില്ലെന്നും മെംബർ പറഞ്ഞു.