മാലിന്യസംസ്കരണ നിയമം ലംഘിച്ചാൽ നടപടി
1572354
Thursday, July 3, 2025 12:05 AM IST
തൊടുപുഴ: ശുചിത്വ, മാലിന്യ, സംസ്കരണ മേഖലയിലെ നിയമലംഘനങ്ങൾക്കെതിരേ ശുചിത്വമിഷൻ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ കർശന നടപടികൾ തുടരുന്പോഴും ഇത്തരം ലംഘനങ്ങൾ തുടരുന്നു. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക്, ഡിസ്പോസബിൾ വസ്തുക്കളുടെ നിരോധനത്തിന് അടുത്തിടെ ഇറങ്ങിയ ഹൈക്കോടതി ഉത്തരവ് ഉൾപ്പെടെ നിരവധി ഉത്തരവുകളും സർക്കുലറുകളും പ്രാബല്യത്തിൽ ഉണ്ടായിട്ടും തുടരുന്ന നിയമലംഘനങ്ങൾക്കെതിരേയാണ് കർശന നടപടിയുമായി എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രംഗത്തുള്ളത്. എന്നാൽ അന്യ ജില്ലകളിൽനിന്നുപോലും ഇവിടെയെത്തി മാലിന്യം തള്ളുന്ന പതിവ് തുടരുകയാണ്.
കഴിഞ്ഞ മാസം ജില്ലാതലത്തിലെ രണ്ടു സ്ക്വാഡുകൾ ചേർന്ന് 152 പരിശോധനകളാണ് നടത്തിയത്. കണ്ടെത്തിയ 59 നിയമ ലംഘനങ്ങൾക്ക് 1,87,000 രൂപ പിഴ ചുമത്തി. വാട്സാപ്പ് നന്പർവഴി 13 തദ്ദേശ സ്ഥാപനങ്ങളിലായി 14 പരാതികൾ റിപ്പോർട്ട് ചെയ്തു. ഇവയിൽ നാലെണ്ണം പരിഹരിക്കുകയും ശേഷിക്കുന്നവ തുടർ നടപടികളിലുമാണ്. ഈമാസം ഒന്നിനു മാത്രം ഏഴു തദ്ദേശ സ്ഥാപനങ്ങളിലായി ഏഴു പരാതികളാണ് റിപ്പോർട്ട് ചെയ്തത്. ഇവ പരിശോധിച്ചുവരികയാണ്.
മാലിന്യം തള്ളൽ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് അതത് തദ്ദേശ സ്ഥാപനങ്ങളാണ്. സ്ക്വാഡ് സംവിധാനത്തിനു പുറമേ സിംഗിൾ വാട്സ്ആപ്പ് നന്പർവഴി റിപ്പോർട്ട് ചെയ്യപ്പെടുന്ന നിയമലംഘനങ്ങൾക്കെതിരേയും കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. 9446 700 800 എന്ന വാട്സ്ആപ്പ് നന്പർവഴി മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് നിയമലംഘകരിൽനിന്ന് ഈടാക്കുന്ന പിഴയുടെ 25 ശതമാനം തുക പാരിതോഷികമായി നൽകും.
നിരോധിത വസ്തുക്കളുടെ സംഭരണം, വിൽപ്പന, ഉപയോഗം എന്നിവ കൂടാതെ പൊതുസ്ഥലങ്ങളുടെയും ജലാശയങ്ങളുടെയും മലിനീകരണം, മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, മലിനജലം ഒഴുക്കൽ തുടങ്ങി എല്ലാത്തരം നിയമലംഘനങ്ങൾക്കെതിരേയും നടപടി സ്വീകരിക്കുന്നുണ്ട്. രണ്ടു ജില്ലാതല സ്ക്വാഡുകൾക്കു പുറമേ, ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളും തദ്ദേശസ്ഥാപനതല വിജിലൻസ് സ്ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട് .
ജില്ലാതല സ്ക്വാഡുകളിൽ സ്ക്വാഡ് ഒന്നിന് തൊടുപുഴ, ഇളംദേശം, കട്ടപ്പന, അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലുമാണ് പരിശോധനാച്ചുമതല നൽകിയിരിക്കുന്നത്. സ്ക്വാഡ് രണ്ടിന് ഇടുക്കി, ദേവികുളം, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് പരിശോധനാച്ചുമതല.
മൂന്ന് ഐവിഒമാരുടെ നേതൃത്വത്തിൽ ഐവിഒ സ്ക്വാഡ് ഒന്നിനു തൊടുപുഴ നഗരസഭയുടെയും തൊടുപുഴ, ഇളംദേശം ബ്ലോക്കുകളുടെയും ഐവിഒ സ്ക്വാഡ് രണ്ടിന് അടിമാലി, ദേവികുളം, ബ്ലോക്കുകളുടെയും, സ്ക്വാഡ് മൂന്നിന് കട്ടപ്പന, ഇടുക്കി ബ്ലോക്കുകളുടെയും പരിശോധന ചുമതലയാണ് നൽകിയിരിക്കുന്നത്.
പരിശോധനകളും നിരീക്ഷണവും ശക്തമാണെങ്കിലും നിയമലംഘനങ്ങൾ തുടരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. വനമേഖലയും വിനോദസഞ്ചാര കേന്ദ്രങ്ങളും ഏറെയുള്ള ജില്ലയിൽ മാലിന്യനീക്കം ഏറെ ശ്രമകരമാണ്.
എല്ലാവരും ഇക്കാര്യത്തിൽ ബോധവാൻമാരാകുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് ശുചിത്വമിഷൻ അധികൃതർ പറഞ്ഞു. മാലിന്യങ്ങൾ കത്തിക്കുകയോ പൊതു ഇടങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യില്ലെന്ന് പ്രതിജ്ഞ എടുക്കുന്നതിനൊപ്പം ഒരാളെയും ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പരിസ്ഥിതിയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന തീരുമാനവുമെടുത്താൽ ശാശ്വത പരിഹാരം സാധ്യമാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.