തകർന്ന റോഡിലെ കുഴിയിലിരുന്ന് ഒറ്റയാൾ പ്രതിഷേധം
1572718
Friday, July 4, 2025 5:18 AM IST
കരിമണ്ണൂർ: തകർന്ന റോഡിലെ കുഴിയിൽ കുത്തിയിരുന്ന് പ്രതിഷേധം. വർഷങ്ങളായി തകർന്നുകിടക്കുന്ന കരിമണ്ണൂർ പഞ്ചായത്തിലെ ഏഴാംവാർഡിൽ ഉൾപ്പെട്ട നെയ്യശേരി-പാഴൂക്കര റോഡിലാണ് കുത്തിയിരുന്ന് നാട്ടുകാരനായ ഷാനവാസ് ലത്തീഫ് പ്രതിഷേധിച്ചത്.
റോഡിന്റെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. നെയ്യശേരി ഭാഗത്തുള്ളവർക്ക് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ ദൂരത്തിൽ എത്താൻ സഹായിക്കുന്ന റോഡാണിത്. നിരവധി സ്കൂൾ വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. റോഡ് തകർന്നിട്ടു പത്തു വർഷത്തോളമായി. പ്രശ്നപരിഹാരത്തിന് പഞ്ചായത്തോ ജനപ്രതിനിധികളോ തയാറാകാത്തതാണു സമരത്തിന് പ്രേരിപ്പിച്ചതെന്ന് ഷാനവാസ് പറഞ്ഞു.