മേൽക്കൂരയും ഭിത്തിയും തകർന്ന് ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം
1572730
Friday, July 4, 2025 5:18 AM IST
തൊടുപുഴ: നൂറുകണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ ഇടിഞ്ഞു പൊളിഞ്ഞുവീഴാവുന്ന നിലയിൽ. മേൽക്കൂര തകർന്ന് അപകടാവസ്ഥയിലായ കെട്ടിടങ്ങൾ കാലങ്ങളായി ഇതേ നിലയിൽ നിൽക്കുകയാണെങ്കിലും അറ്റകുറ്റപ്പണി നടത്താനോ പൊളിച്ചുനീക്കാനോ അധികൃതർ നടപടിയെടുത്തിട്ടില്ല.
കോട്ടയം മെഡിക്കൽ കോളജിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടംപോലെ ഇവിടെയും ഉണ്ടാകുമോയെന്നാണ് ജനങ്ങളുടെ ആശങ്ക. ഇതിനു പുറമേ പുതിയ ആശുപത്രിക്കെട്ടിടം പ്രവർത്തനം ആരംഭിച്ച് വർഷങ്ങളായെങ്കിലും ഇതുവരെ ഫയർ എൻഒസി ലഭിച്ചിട്ടില്ല.
ജില്ലാ ആശുപത്രിയുടെ ഒപി വിഭാഗം പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം ഏതു സമയവും തകർന്നുവീഴാവുന്ന നിലയിലാണ്. കെട്ടിടം താഴേക്ക് പതിച്ചാൽ വലിയ അപകടമാകുമുണ്ടാകുക.
മേൽക്കൂരയുടെ ഓടുകളും തകർന്ന നിലയിലാണ്. കെട്ടിടത്തിന്റെ അപകടാവസ്ഥയറിയാതെ കെട്ടിടത്തിൽ ആളുകൾ വിശ്രമിക്കാനും മറ്റും കയറുന്നുണ്ട്. കൂടാതെ ഇതിനു മുന്നിലാണ് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഓക്സിജൻ പ്ലാന്റിനു മുന്നിലൂടെ ആളുകൾ കയറിയിറങ്ങുന്ന ഇടനാഴിയുടെ മുകൾഭാഗവും ദ്രവിച്ച നിലയിലാണ്.
ഫാർമസി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും തകർച്ചയിലായ കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് ഇവിടേക്കാവശ്യമായ പല സാധനങ്ങളും ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത്. ഇവിടേക്കു ജീവനക്കാർ ഇടയ്ക്കിടെ എത്തുന്നുണ്ട്. ഇതിനു പുറമേ കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടവും തകർച്ചയുടെ വക്കിലാണ്. മഴ നനഞ്ഞ് കെട്ടിടത്തിന്റെ ഭിത്തി പല ഭാഗത്തും അടർന്നനിലയിലാണ്. മുഖവാരവും തകർന്ന് കന്പികൾ പുറത്തുവന്ന സ്ഥിതിയിലാണ്.
ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഫയർ എൻഒസിയും ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് കാലത്ത് താത്കാലികമായി പ്രവർത്തിക്കാൻ തുറന്നു നൽകിയ കെട്ടിടമാണ് പ്രധാന ചികിത്സാ കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഫയർ എൻഒസി ലഭിക്കാത്തതിനാൽ ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷപോലും ലഭിക്കില്ല. ഫയർഫോഴ്സ് വാഹനങ്ങൾക്ക് കെട്ടിടത്തിനു ചുറ്റും സുഗമമായി സഞ്ചരിക്കാൻ മതിയായ സൗകര്യമില്ലാത്തതായിരുന്നു ഫയർ എൻഒസി ലഭിക്കുന്നതിന് തടസമായി നിന്നത്. ആശുപത്രിയിലെ ലിഫ്റ്റും അടിക്കടി തകരാറിലാണ്. കഴിഞ്ഞ ദിവസം രോഗികളെ മുകൾ നിലകളിലേയ്ക്ക് എടുത്തു കയറ്റുകയായിരുന്നു.
നവീകരണത്തിന് 30 ലക്ഷം
തൊടുപുഴ ജില്ലാ ആശുപത്രിയുടെ നവീകരണത്തിനുൾപ്പെടെ 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ പറഞ്ഞു. പഴക്കംചെന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കാൻ ആശുപത്രി അധികൃതരാണ് മുൻകൈയെടുക്കേണ്ടത്. പുതിയ കെട്ടിടത്തിന് ഫയർ എൻഒസി ലഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.