മാനദണ്ഡം കാറ്റിൽപറത്തി വനംവകുപ്പിൽ സ്ഥലംമാറ്റം
1572724
Friday, July 4, 2025 5:18 AM IST
തൊടുപുഴ: സംസ്ഥാനത്തെ വനപാലകരുടെ പൊതുസ്ഥലംമാറ്റം അട്ടിമറിച്ച് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ഓണ്‍ലൈൻ സ്ഥലം മാറ്റം നടത്താൻ നീക്കമെന്ന് ആക്ഷേപം. സ്ഥലംമാറ്റ മാനദണ്ഡമനുസരിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അപേക്ഷ ക്ഷണിച്ച് ഏപ്രിലിൽ സ്ഥലംമാറ്റ ഉത്തരവിറക്കുകയാണ് പതിവായി ചെയ്തിരുന്നത്. ഇതിനു വിരുദ്ധമായി വനംവകുപ്പിൽ ഏപ്രിലിൽ മൂന്നു വർഷം തികയുന്നവരെ ഉൾപ്പെടുത്തിയും ഏപ്രിൽ വരെയുള്ള ഒഴിവുകൾ കണക്കാക്കിയും പൊതുസ്ഥലംമാറ്റത്തിന് ആദ്യം അപേക്ഷ ക്ഷണിച്ചു.
എന്നാൽ, സോഫ്റ്റ്വെയർ തകരാർ എന്ന പേരിൽ മേയ് മാസത്തിലെ ഒഴിവുകൾകൂടെ കണക്കാക്കി ജൂണിൽ മൂന്നു വർഷം തികയുന്നവരെക്കൂടി ഉൾപ്പെടുത്തി പുതിയ സർക്കുലർ ഇറക്കി ജീവനക്കാരെ കബളിപ്പിക്കുകയാണ് വനംവകുപ്പ് ചെയ്തതെന്ന് ജീവനക്കാർ ആരോപിക്കുന്നു.
സ്പാർക്കിൽനിന്നും മാറ്റി ഈ വർഷം മുതൽ വനംവകുപ്പിൽ ഭരണവിഭാഗം മേധാവി തയാറാക്കിയ പുതിയ സോഫ്റ്റ്വെയർ വഴിയാണ് ഓണ്‍ലൈൻ സ്ഥലംമാറ്റ നടപടികൾ നടത്തുന്നത്.
പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ മിക്ക ജീവനക്കാരുടെയും കുട്ടികളെ സ്കൂളിൽ ചേർത്ത സാഹചര്യത്തിൽ ജൂണ്‍, ജൂലൈ മാസങ്ങളിൽ മൂന്നുവർഷം തികയുന്നവരെ ഉൾപ്പെടുത്തിയത് മാനദണ്ഡങ്ങൾക്കു വിരുദ്ധമായ നടപടിയെന്നാണ് ജീവനക്കാർ ആക്ഷേപിക്കുന്നത്. സർക്കാരിന്റെ പൊതുസ്ഥലംമാറ്റം ഓണ്‍ലൈനാക്കിയത് അഴിമതിരഹിതമായ സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെയാണ്. ഇത് അട്ടിമറിക്കുന്ന രീതിയിലാണ് വനംവകുപ്പ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഉത്തരവിറക്കാൻ ശ്രമിക്കുന്നത്.
സർക്കാരിന്റെ പത്തിന കർമപദ്ധതികൾ തുടരുന്പോഴും സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘർഷം കൂടിവരികയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ അഞ്ച് സർക്കിളുകളിൽ നൂറോളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ ഒഴിവുകൾ നികത്താതെ കിടന്നിട്ടും ആ ഒഴിവുകൾ നികത്തുന്നതിനുള്ള തീരുമാനമെടുക്കാതെയാണ് വനംവകുപ്പിന്റെ ഒളിച്ചുകളി.
റൂൾ ഭേദഗതിയുടെയും കോടതി ഉത്തരവിന്റെയും പേരുപറഞ്ഞ് ഒഴിവുകൾ നികത്താത്തതുമൂലം വിവിധ ഫീൽഡ് ജോലികൾ ഉൾപ്പെടെ അവതാളത്തിലാണ്. കൃത്യസമയത്ത് സ്ഥാനക്കയറ്റം നൽകാത്തത് ജീവനക്കാരുടെ വലിയ പ്രതിഷേധത്തിനും മനോവീര്യം കെടുത്തുന്നതിനും കാരണമായിട്ടുണ്ട്.
വന്യജീവി ആക്രമണംപോലുള്ള സംഭവങ്ങൾ ഇടുക്കിയിൽ ഉൾപ്പെടെ വ്യാപകമാകുന്പോൾ ഇതിനു തടയിടുന്നതിനും സർക്കാരിന്റെ കർമപദ്ധതികൾ നടപ്പാക്കുന്നതിനും തടസം ജീവനക്കാരുടെ കുറവാണെന്നും ഇവർ പറയുന്നു .അർഹതപ്പെട്ട സ്ഥാനക്കയറ്റം നൽകാത്തതുമൂലം പുതിയ നിയമനങ്ങൾ നടക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. സ്പെഷൽ റൂളിൽ ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും ഇക്കാര്യത്തിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനിടെ വകുപ്പുതല പരീക്ഷ പാസായവർക്ക് സ്ഥാനക്കയറ്റം നൽകാതെ അർഹതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം നൽകിയെന്ന് ആക്ഷേപവും വകുപ്പിൽ ഉയർന്നിരുന്നു.
വകുപ്പിൽ കാര്യക്ഷമമായി ജോലിചെയ്യുന്ന ജീവനക്കാർക്ക് കൃത്യസമയത്ത് സ്ഥാനക്കയറ്റം നൽകണമെന്നും സർക്കാരിന്റെ പൊതുസ്ഥലമാറ്റം അട്ടിമറിക്കപ്പെടാതെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്ഥലംമാറ്റം നടത്തണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. ജൂണ്‍, ജൂലൈ മാസങ്ങളിൽ പൊതുസ്ഥലംമാറ്റം നടത്തുന്നതും അർഹമായ പ്രമോഷൻ നിഷേധിക്കുന്നതും ജീവനക്കാരോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.