മന്ത്രി വീണാ ജോർജ് രാജിവയ്ക്കണം: ഷാനിമോൾ ഉസ്മാൻ
1572729
Friday, July 4, 2025 5:18 AM IST
ചെറുതോണി: സംസ്ഥാനത്തെ ആരോഗ്യമേഖല തകർത്തു തരിപ്പണമാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ. ഡിസിസിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം തലവൻ ഡോ. സി.എച്ച്. ഹാരിസിന്റെ വെളിപ്പെടുത്തൽ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഇതിന്റെ നേർക്കാഴ്ച മാത്രമാണ്.
ആരോഗ്യമേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കോവിഡ് കാലത്ത് ആരംഭിച്ചതാണ്. ഉമ്മൻ ചാണ്ടി സർക്കാർ ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളജ് രണ്ടാമതും ഉദ്ഘാടനം ചെയ്തു ചരിത്രപുരുഷനായി മേനി നടിക്കുകയാണ് പിണറായി വിജയൻ. ഇതിനു കുടപിടിച്ച മന്ത്രി റോഷി അഗസ്റ്റിൻ ജനങ്ങളുടെ മുന്നിൽ അപഹാസ്യനായിരിക്കുകയാണെന്നും ഷാനിമോൾ പറഞ്ഞു.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. ജോയി തോമസ്, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, എ.പി. ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.