രാജമുദ്രയുള്ള കെട്ടിടം സംരക്ഷണമില്ലാതെ നശിക്കുന്നു
1572733
Friday, July 4, 2025 5:18 AM IST
രാജാക്കാട്: തിരുവിതാംകൂര്‍ രാജഭരണ കാലത്തിന്റെ ചരിത്രം നിറഞ്ഞുനില്ക്കുന്ന രാജമുദ്രയുള്ള കെട്ടിടം അധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്നുവീണ് നശിക്കുന്നു. കേരള തമിഴ്നാട് അതിര്‍ത്തിയായ ബോഡിമെട്ടിലുള്ള കസ്റ്റംസ് ഹൗസാണ് സംരക്ഷണമില്ലാത്തതിനെത്തുടര്ന്ന് പിന്‍ഭാഗം തകര്‍ന്നു വീണത്.
ജിഎസ്ടി വകുപ്പിന്റെ കൈവശമുള്ള കെട്ടിടം തകര്‍ന്നുവീണ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനോ സംരക്ഷിക്കാനോ നടപടിയില്ല. തിരുവിതാംകൂര്‍ രാജഭരണകാലത്ത് ചുങ്കം പിരിക്കുന്നതിനായാണ് കെട്ടിടം പണി കഴിപ്പിച്ചത്. പിന്നീട് ഐക്യകേരളം രൂപംകൊണ്ടതോടെ കെട്ടിടത്തിന്റെ അവകാശി വാണിജ്യനികുതി വകുപ്പായി. ഇവിടെ ചെക്കുപോസ്റ്റും പ്രവര്‍ത്തിച്ചിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കെട്ടിടത്തില്‍ ആകെ ചെയ്തത് മേല്‍ക്കൂര ഷീറ്റുകള്‍ മാറ്റിസ്ഥാപിച്ചതു മാത്രമാണ്.
ചെക്ക്പോസ്റ്റായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലും കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയായിരുന്നു. പ്രതിദിനം നല്ല വരുമാനം ലഭിക്കുന്ന ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശത്തിലുള്ള കെട്ടിടമായിട്ടും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല. പിന്നീട് ജിഎസ്ടി നടപ്പിലായതോടെ കെട്ടിടത്തിന്റെ ഉടയോര് ജിഎസ്ടി വകുപ്പായി മാറി. ഇവരാകട്ടെ ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ല.
ഇതോടെ ഏതാനും വര്‍ഷം മുമ്പ് കെട്ടിടത്തിന്റെ പിന്‍ഭാഗം തകര്‍ന്നുവീണു. ബാക്കി നില്ക്കുന്ന കെട്ടിടം ഈ മഴക്കാലം അതിജീവിക്കുമോയെന്നും അറിയില്ല. രാജഭരണകാലത്തിന്റെ ചരിത്രം നിറഞ്ഞുനില്ക്കുന്ന കെട്ടിടം സംരക്ഷിക്കണമെന്ന ആവശ്യവുമായി പൊതുപ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. നിലവില്‍ കെട്ടിടം പഞ്ചായത്തിന് വിട്ടുകിട്ടിയാല്‍ ചരിത്രസ്മാരകമായി സംരക്ഷിക്കാന്‍ തയാറാണെന്ന് ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് പറഞ്ഞു.
മുമ്പ് കെട്ടിടത്തില്‍ മറ്റു വകുപ്പുകളുടെ ചെക്ക്പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനും പോലീസ് എയിഡ്പോസ്റ്റ് സ്ഥാപിക്കുന്നതിനുമടക്കം കെട്ടിടം വിട്ടുകിട്ടുന്നതിന് ആവശ്യപ്പെട്ടെങ്കിലും കെട്ടിടം സംരക്ഷിക്കുന്നതിനോ താത്കാലികമായി വിട്ടുനല്കുന്നതിനോപോലും അധികൃതര്‍ തയാറായിട്ടില്ല.