ഇടുക്കിയുടെ വികസനപദ്ധതി: മുഖ്യമന്ത്രി അവലോകനം ചെയ്തു
1572720
Friday, July 4, 2025 5:18 AM IST
ഇടുക്കി: ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന മേഖലാ യോഗത്തിൽ അവലോകനം ചെയ്തു. ജില്ലയിലെ 11 പദ്ധതികളാണ് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവതരിപ്പിച്ചത്.
കട്ടപ്പന ടൗണ്‍ഷിപ്പിലെ പട്ടയവിതരണത്തിന് നടപടിയെടുക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ആദ്യഘട്ടമായി കൈവശങ്ങൾ തിട്ടപ്പെടുത്തുന്നതിന് നടപടികൾ പൂർത്തീകരിച്ചു. കൈവശങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിനു വിശദമായ റിപ്പോർട്ട് ലാൻഡ് റവന്യു കമ്മീഷണർ സമർപ്പിച്ചിരുന്നുവെന്ന് റവന്യു സെക്രട്ടറി അറിയിച്ചു.
ചെറിയ കടകൾക്ക് പട്ടയം അനവദിക്കുന്ന കാര്യം ഈ മാസംതന്നെ പരിഹരിക്കും. ജില്ലയിലെ വിവിധ ടൗണുകൾ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിൽനിന്നും 1,500ൽ പരം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
മൂന്നാർ മേഖലയിൽ നിർമാണപ്രവർത്തനങ്ങൾക്ക് എൻഒസി വേണമെന്ന നിബന്ധനയിൽ നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളിൽ ഭൂമി നഷ്ടപ്പെട്ട ഗുണഭോക്താക്കളെ ഭൂരഹിതരായി ഉൾപ്പെടുത്തി ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തും.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം സിഎച്ച്ആർ മേഖലയിൽ പട്ടയം വിതരണം ചെയ്യുന്നതിന് നിയമപരമായ തടസമുണ്ട്. സിഎച്ച്ആർ പ്രൊവിഷനും ഏലപ്പട്ടയവുമാണ് പ്രശ്നങ്ങളെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. അഡ്വക്കറ്റ് ജനറലിനോട് വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് റവന്യു സെക്രട്ടറി അറിയിച്ചു.
മൂന്നാർ സ്പെഷാലിറ്റി ആശുപത്രി നിർമാണത്തിനായി നിലവിലുള്ള എസ്പിവിയെ മാറ്റി പുതിയ എസ്പിവിയെ നിശ്ചയിക്കുന്നതിനുള്ള നിർദേശം പരിശോധിച്ചുവരികയാണ്. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും തുടർപ്രവർത്തനങ്ങൾക്കും പിഡബ്ല്യുഡി ആർക്കിടെക്റ്റ് വിംഗിന്റെ സഹായം തേടിയിട്ടുണ്ട്.
മൂന്നാർ ആർട്സ് കോളജ് നിർമാണത്തിന് 2.8862 ഹെക്ടർ ഭൂമി കണ്ടെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയുമാണ്. പീരുമേട് മഞ്ചുമല സത്രം എയർ സ്ട്രിപ്പ് പൂർണമായി പ്രവർത്തിപ്പിക്കുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലാണ്.
തോട്ടം മേഖലയിലെ ഗ്രാമീണ റോഡുകളുടെ നിർമാണം നടത്തുന്നതിന് വസ്തു പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്താൻ കഴിയാത്ത വിഷയത്തിൽ റവന്യു വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
കുട്ടിക്കാനം എംആർഎസ് പുതിയ കെട്ടിടനിർമാണത്തിന്റെ വിഷയത്തിൽ ഒരു ബ്ലോക്കിന്റെ നിർമാണം എണ്‍പത് ശതമാനം പൂർത്തീകരിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കട്ടപ്പന റോഡിന് തൂക്കുപാലം - അച്ചക്കട -കടശിക്കടവ്-കട്ടപ്പന റോഡ് എന്ന് പുനർനാമകരണം ചെയ്ത് ഭരണാനുമതിക്കായി സമർപ്പിച്ച വിഷയത്തിൽ ധനവകുപ്പ് നടപടി സ്വീകരിക്കും.