മെഡി. കോളജിൽ ആശുപത്രിസേവനം പേരിൽ മാത്രം
1573311
Sunday, July 6, 2025 3:46 AM IST
ചെറുതോണി: ഇടുക്കി ഗവ. മെഡിക്കൽ കോളജ് വികസനത്തിന്റെ പാതയിലാണെന്ന് അധികൃതർ ആവർത്തിക്കുന്പോഴും ജനങ്ങൾക്ക് ചികിത്സാസംവിധാനം ഒരുക്കാൻ നടപടി ഉണ്ടാകുന്നില്ല. ഇവിടെ ഉണ്ടായിരുന്ന ജില്ലാ ആശുപത്രി നഷ്ടപ്പെടുത്തി മെഡിക്കൽ കോളജ് ആരംഭിച്ചപ്പോൾ മെഡിക്കൽ കോളജിനോടൊപ്പം ആശുപത്രിയും സജ്ജമാകുമെന്ന പ്രതീക്ഷയിലായിരുന്ന ഹൈറേഞ്ച് മേഖല. അടിയന്തര ചികിത്സാ സൗകര്യങ്ങൾ പോലും പരിമിതമാണിവിടെ.
അപകടത്തിൽപ്പെടുന്നവർക്കുപോലും വിദഗ്ധചികിത്സ നൽകാനുള്ള സംവിധാനം പോലുമില്ല. സൂപ്പർ സ്പെഷാലിറ്റി വിഭാഗം ഒന്നുപോലും ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിലില്ല. ഹൃദ്രോഹം, വൃക്കരോഗം, കാർഡിയോ തെറാപ്പിക് സർജറി, നൂറോ സർജറി, ഓർത്തോ പീഡിയാട്രിക്ക് സർജറി, ഉദരരോഗ വിഭാഗം, ഓങ്കോളജി എന്നിവയിലൊന്നും ഡോക്ടർമാരില്ല. വിദഗ്ധരോഗത്തിന്റെ ചികിത്സയ്ക്കുള്ള ഉപകരണങ്ങളും ഇല്ല.
മലയോരമേഖലകളിൽ വിദഗ്ധചികിത്സ ലഭിക്കാതെ രോഗികളുടെ ജീവൻ നഷ്ടമാകുന്നത് നിത്യസംഭവമാണ്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, സ്കിൻ, റസ്പിറേറ്ററി മെഡിസിൻ, അസ്ഥിരോഗ വിഭാഗം, മാനസികാരോഗ്യ വിഭാഗം എന്നീ സ്പെഷാലിറ്റി വിഭാഗങ്ങളാണ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നാൽ, ഓരോ വിഭാഗത്തിനും ഡോക്ടർമാരുടെ എണ്ണം നാമമാത്രമാണ്. അതിനാൽ ഒരു ഡോക്ടർ അവധിയെടുത്താൽ രോഗികൾക്ക് ഈ വിഭാഗത്തിലും തക്കസമയത്തു ചികിത്സ ലഭിക്കില്ല.
ഇടുക്കിയിൽ കാത്ത് ലാബ് ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം വർഷങ്ങളായി കേൾക്കുന്നതാണ്. ജില്ലാ ആശുപത്രിയായിരുന്ന കാലം മുതൽ മാറി മാറി വരുന്ന മന്ത്രിമാരും ജനപ്രതിനിധികളും നിരവധി തവണ വാഗ്ദാനം നടത്തിയിരുന്നു. ജനങ്ങൾ കന്പളിപ്പിക്കപ്പെടുന്നതല്ലാതെ ലാബ് വന്നില്ല. ഇടുക്കി മെഡിക്കൽ കോളജിന്റെ ഉദ്ഘാടനത്തിലും ഇതാവർത്തിച്ചിരുന്നു. ഡൈ ഇൻജക്ടർ, വെന്റിലേറ്റർ സിം ആം മെഷീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ആധുനിക നിലവാരത്തിലുള്ള കാത്ത് ലാബിൽ വേണ്ടത്. ഇതോടൊപ്പം ഫ്രീകാത്ത് വാർഡും തയാറാകണം.
എട്ടുകോടിയോളം രൂപയുണ്ടെങ്കിൽ എല്ലാ സൗകര്യങ്ങളുമുള്ള കാത്ത് ലാബ് സജ്ജീകരിക്കാമെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു. ഇടുക്കി മെഡിക്കൽ കോളജിന്റെ പുതിയ ബ്ലോക്കു പണി പൂർത്തിയായാൽ സൂപ്പർ സ്പഷാലിറ്റി സേവനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. അടിമാലി താലൂക്കാശുപത്രിയിൽ കെട്ടിടമുണ്ടാക്കിക്കഴിഞ്ഞപ്പോഴാണ് ഒരു ജില്ലയിൽ ഒരു കാത്ത് ലാബ് മതിയെന്ന സർക്കാർ നിർദേശം ഉണ്ടായത്. ഇതോടെ കാത്ത് ലാബ് ഇടുക്കിയിൽ മതിയെന്ന തീരുമാനമായി.
കാത്ത് ലാബിന്റെ ഉപകരണങ്ങൾ വാങ്ങാൻ ഒരു കോടി അനുവദിച്ചെങ്കിലും ഇത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ മെഡിക്കൽ കോളജിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചെങ്കിലും രോഗികൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ വിവിധ ഡിപ്പാർട്ടുമെന്റുകൾ കൂടി അനുവദിക്കണം.