രാജ്യാന്തര മത്സരത്തിൽ തുടര്‍ച്ചയായി ഇരട്ട സ്വര്‍ണമെഡല്‍
1572975
Friday, July 4, 2025 11:41 PM IST
നെടുങ്കണ്ടം: മലമടക്കുകളില്‍ പരിശീലനം നടത്തി ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി മരീന ജോര്‍ജ്. അമേരിക്കയില്‍ നടന്ന വേള്‍ഡ് പോലീസ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി ലോംഗ് ജംപിലും ഹെപ്റ്റാത്തലണിലും ഇരട്ട സ്വര്‍ണം നേടിയാണ് മരീന രാജ്യത്തിനഭിമാനമായത്.
എഴുപതോളം രാജ്യങ്ങളാണ് ഒന്നിന് യുഎസിലെ അലബാമയില്‍ ആരംഭിച്ച വേള്‍ഡ് പോലീസ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ രണ്ടിനങ്ങളിലും തുടര്‍ച്ചയായി രണ്ടാം വര്‍ഷം സ്വര്‍ണം കരസ്ഥമാക്കുന്ന ആദ്യ വനിതകൂടിയാണ് മരീന. കഴിഞ്ഞതവണ കാനഡയില്‍ നടന്ന പോലീസ് ചാമ്പ്യന്‍ഷിപ്പിലും ഇതേ ഇനങ്ങളില്‍ മരീന രണ്ട് സ്വര്‍ണം നേടിയിരുന്നു.
കോമ്പയാര്‍ കൊച്ചുകുന്നുംപുറത്ത് ടിജോ തോമസിന്റെ ഭാര്യയാണ് കുട്ടിക്കാനം കെഎപി - 5 ബറ്റാലിയനിലെ ഉദ്യോഗസ്ഥയായ മരീന. ഭര്‍ത്താവ് ടിജോ ഇടുക്കി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ആറ് മാസമായി മത്സരത്തിനുവേണ്ടി മരീന പരിശീലനം നടത്തിയത് നെടുങ്കണ്ടത്തെ ഹൈ ആള്‍ട്ടിട്യൂഡ് സ്റ്റേഡിയത്തിലാണ്. വാഴത്തോപ്പ്, കാല്‍വരിമൗണ്ട് കാല്‍വരി സ്കൂളുകളിലും പാലാ സെന്റ് തോമസ് കോളജിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. പഠനസമയത്തും ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ മെഡല്‍വേട്ട നടത്തിയ താരമാണ് മരീന. വിവേക്, സിനു ജോണി എന്നിവരാണ് പരിശീലകര്‍.