പ്രസ് ക്ലബ് ബ്രേക്കിംഗ് ഡി കാന്പയിന് തുടക്കമായി
1572963
Friday, July 4, 2025 11:40 PM IST
തൊടുപുഴ: രാസലഹരിയുടെ വിപണനവും ഉപയോഗവും തടയുകയെന്ന ലക്ഷ്യത്തോടെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ബ്രേക്കിംഗ് ഡി കാന്പയിന് ഇടുക്കിയിലും തുടക്കമായി. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ എക്സൈസ് ഇടുക്കി അസിസ്റ്റന്റ് കമ്മീഷണർ എം.കെ. പ്രസാദ് ക്യൂ ആർ കോഡ് പ്രസ് ക്ലബിന്റെ ഭിത്തിയിൽ പതിപ്പിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. രാസലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ പത്രപ്രവർത്തക യൂണിയന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് വിനോദ കണ്ണോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, സംസ്ഥാന കമ്മിറ്റിയംഗം വിൽസണ് കളരിക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.എ. ലത്തീഫ്, കമ്മിറ്റിയംഗം ഷിയാസ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. ലഹരി ഉത്പന്നങ്ങളുടെ വിപണനം, ഉപയോഗം എന്നിവ സംബന്ധിച്ച രഹസ്യവിവരങ്ങളും ആശങ്കകളും പ്രസ് ക്ലബിൽ സ്ഥാപിച്ച ക്യൂആർകോഡ് സ്കാൻ ചെയ്ത് ഇതിലൂടെ ടൈപ്പ് ചെയ്ത് നൽകാനാകും. ഈ വിവരങ്ങൾ രഹസ്യസ്വഭാവമുള്ളതാണ്.
വിവരങ്ങൾ നൽകുന്നവരെ തിരിച്ചറിയാനും കഴിയില്ല. തുടർന്നു വിവരങ്ങൾ എക്സൈസിനു കൈമാറി നടപടി സ്വീകരിക്കുകയും ചെയ്യും. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താനും കഴിയും. പ്രസ് ക്ലബിനു പുറമെ പൊതു ഇടങ്ങളിലും ക്യൂ ആർ കോഡ് പതിപ്പിക്കും. ജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.