റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ബഹുജന സമരം
1572976
Friday, July 4, 2025 11:41 PM IST
രാജാക്കാട്: എല്ലയ്ക്കൽ വലിയ മുല്ലക്കാനം റോഡ്, എല്ലയ്ക്കൽ പൊട്ടൻകാട് റോഡ് എന്നിവയുടെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബൈസൺവാലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലയ്ക്കൽ പാലം ജംഗ്ഷനിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡും മുതിരപ്പുഴയാറിന് കുറുകെ എല്ലയ്ക്കല്ലിൽ പാലവും നിർമിക്കുന്നതിനുമായി 39 കോടി രൂപ അനുവദിച്ചതാണ്. ബിആർകെ കമ്പനിയാണ് കരാർ ഏറ്റെടുത്തത്.
കരാർ കാലാവധി കഴിഞ്ഞ് ഒരു ടേംകൂടി നീട്ടിനൽകിയ മേയിൽ പ്രവർത്തിയുടെ മൂന്നിലൊന്നുപോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പാലത്തിന്റെ തൂണുപോലും നിർമിച്ചിട്ടില്ല. കാലവർഷത്തിൽ പുഴയിൽ വെളളമൊഴുക്ക് കൂടുന്നതിനാൽ ഇനിയും കാലതാമസമുണ്ടാകും. നിലവിൽ ഒരു കിലോമീറ്റർ മാത്രമാണ് ഭാഗികമായി ടാർ ചെയ്തത്. കൊച്ചുമുല്ലക്കാനം മുതൽ തേക്കുംകാനം വരെ ചെളിക്കുണ്ടായി കിടക്കുന്നതുമൂലം വാഹനങ്ങൾ അതുവഴി വരാൻ തയാറാകുന്നില്ല.
റോഡ് നിർമാണത്തിന്റെ പേരിൽ അനധികൃതമായി കോടിക്കണക്കിന് രൂപയുടെ പാറ ഖനനം നടത്തിയിട്ടുണ്ടെന്നും വീടുകൾക്ക് ഭീഷണിയുള്ള പല സ്ഥലങ്ങളിലും സംരക്ഷണഭിത്തി നിർമിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പിഎംജിഎസ്വൈ പദ്ധതി പ്രകാരം നിർമിക്കുന്ന എല്ലയ്ക്കൽ - പൊട്ടൻകാട് റോഡിന്റെ നിർമാണവും ഇഴയുകയാണ്. റോഡ് ചെളിനിറഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുകയാണ്.
പ്രതിഷേധ സമരത്തിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഓമന തങ്കച്ചൻ അധ്യക്ഷത വഹിച്ചു.അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോർജ് തോമസ് ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി, വി.ജെ. ജോസഫ്, ഷാബു കൊറ്റംചിറക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.