കല്ലാര്‍ സ്കൂളില്‍ ലഹരിക്കെതിരേ മനുഷ്യച്ചങ്ങല തീർക്കും
1572972
Friday, July 4, 2025 11:41 PM IST
നെടുങ്കണ്ടം: കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരേ മനുഷ്യച്ചങ്ങല തീര്‍ക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കുന്ന 17ന് രാവിലെ 10ന് മുണ്ടിയെരുമയിലാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.
ലഹരിവിമുക്ത പട്ടംകോളനി എന്ന ലക്ഷ്യത്തോടെ സ്കൂളിനെ പൂര്‍ണമായി ചുറ്റി അണിനിരക്കുന്ന മനുഷ്യച്ചങ്ങലയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും കണ്ണികളാവും. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ലഹരിവിരുദ്ധ സന്ദേശ മത്സരവും സംഘടിപ്പിക്കും. ലഹരിവിരുദ്ധ ബോധവത്കരണം പ്രമേയമാക്കിയ മൂന്നുവാക്യത്തില് കൂടാത്ത ആപ്തവാക്യമാണ്
ക്ഷണിക്കുന്നത്. ഏറ്റവും മികച്ച ആശയം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ തലക്കെട്ടാകും. വിജയിക്ക് 2,500 രൂപ അവാര്‍ഡ് നല്‍കും. ആശയങ്ങള്‍ 9446928345 എന്ന വാട്സ്ആപ് നമ്പറില്‍ അയയ്ക്കണമെന്ന് സപ്തതി ആഘോഷ കമ്മിറ്റി ചെയര്മാന് രമേശ് കൃഷ്ണന്, വര്‍ക്കിംഗ് ചെയര്മാന് വിജയന് പിള്ള, ജനറല്‍ കണ്‍വീനര്‍ കെ.വി. ഹെല്ലോക്ക്, ഭാരവാഹികളായ ജോമോന് താന്നിക്കല്‍, റസാഖ് മൗലവി, എം.സി. വിനയരാജ്, അംബുജാക്ഷന് എന്നിവര്‍ അറിയിച്ചു.