റോഡ് കൈയേറി കോണ്ക്രീറ്റ് ചെയ്തതായി ആക്ഷേപം
1572960
Friday, July 4, 2025 11:40 PM IST
തൊടുപുഴ: കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽപ്പെട്ട വസ്തുവിൽ നടപ്പവകാശം മാത്രമുള്ള വഴി കൈയേറി അയൽവാസികൾ കോണ്ക്രീറ്റ് ചെയ്തതായി ഭിന്നശേഷി സംഘടനാ നേതാവ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
മുള്ളരിങ്ങാട് മേഖല ഭിന്നശേഷി പ്രസിഡന്റ് താണിക്കുഴിയിൽ ടി.കെ. അശോകനാണ് പരാതിയുമായി എത്തിയത്. പന്നിമറ്റംചാൽ സിറ്റിയിലുള്ള 31 സെന്റ് കുടുംബ സ്വത്തിലുള്ള നടപ്പ് വഴിയാണ് വാഹന സൗകര്യത്തിനായി അയൽവാസികൾ കൈയേറിയത്.
തന്റെ പിതാവ് നീലകണ്ഠൻ കുഞ്ഞന്റെ പേരിലുള്ളതാണ് സ്ഥലം. 14 വർഷം മുന്പ് പിതാവ് മരണമടഞ്ഞിരുന്നു. ഇദ്ദേഹം ജീവിച്ചിരുന്ന കാലയളവിൽ വസ്തു ഈട് നൽകി വാഹനം വാങ്ങിയിരുന്നു. പിതാവിന്റെ കാലശേഷം മക്കൾ പണം നൽകിയെങ്കിലും സ്ഥലം തിരിച്ചുതരാൻ അവർ തയാറായില്ല. ഇതിനു പുറമെ സ്ഥലം തങ്ങൾക്ക് തീറ് നൽകിയതായി ഇവർ അവകാശപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് രണ്ടര വർഷം മുന്പ് മക്കൾ കോടതിയെ സമീപിച്ചു. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്.
കുടുംബ സ്വത്തായ വസ്തുവിൽ ആരും അതിക്രമിച്ച് കടക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് വഴിയിലെ അനധികൃത നിർമാണം. നടപ്പ് വഴിക്ക് മാത്രം അവകാശമുള്ള അയൽവാസികൾ അഞ്ചു മീറ്റർ വീതിയിൽ 30 മീറ്റർ ദൂരം കോണ്ക്രീറ്റ് ചെയ്തു കഴിഞ്ഞു.
നേരത്തെ പരാതി നൽകിയപ്പോൾ ഇവിടെ അനധികൃതമായി ഒന്നും ചെയ്യരുതെന്ന് പോലീസ് നിർദേശം നൽകിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും ടി.കെ. അശോകൻ പറഞ്ഞു. ഭിന്നശേഷി സംഘടാ കരിമണ്ണൂർ ഏരിയ സെക്രട്ടറി എ.കെ. സുരേന്ദ്രൻ, അശോകന്റെ ഭാര്യ രാധാശിവൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.