ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനാകാൻ മൂന്നാർ
1572966
Friday, July 4, 2025 11:40 PM IST
ഇടുക്കി: അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനാകാൻ ഒരുങ്ങുന്നു. മൂന്നാറിലെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ സുസ്ഥിരവും ഉത്തരവാദിത്വ പൂർണവുമാക്കാൻ മൂന്നാറിനെ നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കാനാണ് പദ്ധതി.
ഇതിനായി വിവിധ റെസ്പോണ്സിബിൾ ടൂറിസം പദ്ധതികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഡിസംബറോടെ മൂന്നാറിനെ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കുന്നതിനുള്ള കർമപരിപാടി നടപ്പാക്കും. ഇതിനായി പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സുസ്ഥിര അതിജീവന വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്ന പദ്ധതിയിൽപ്പെടുത്തി പ്രാരംഭപ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. ഏതൊരു പ്രദേശത്തെയും പാരിസ്ഥിതികവും സാമൂഹികവും സാംസ്കാരികവുമായ പ്രത്യേകതകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് പ്രാദേശിക സമൂഹത്തിന്റെ ക്ഷേമത്തിനുള്ള ഉപാധിയായി ടൂറിസത്തെ മാറ്റുന്നതാണ് പദ്ധതി.
സംസ്ഥാനത്തെ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി യുഎൻഡിപിയുടെ ഐഎച്ച്ആർഎംഎൽ പദ്ധതിയിൽ മൂന്നാറിനും പരിസര പ്രദേശങ്ങൾക്കുമായി മുൻ ഉത്തരവാദിത്വ ടൂറിസം മിഷനായ കേരള റെസ്പോണ്സിബിൾ ടൂറിസം മിഷൻ സൊസൈറ്റി ഹിൽ ടൂറിസം കേന്ദ്രങ്ങൾക്കുള്ള ഉത്തരവാദിത്വ ടൂറിസം പ്രോട്ടോകോൾ തയാറാക്കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു ടൂറിസം സ്റ്റേക്ക് ഹോൾഡർമാരുടെയും സഹകരണത്തോടെ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഈ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുക വഴി പ്രദേശത്തെ സുസ്ഥിരവും ഉത്തരവാദിത്വ പൂർണവുമായ ടൂറിസം പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കാനാകും.
പദ്ധതിയിലൂടെ മൂന്നാർ ആർടി സ്റ്റേക്ക് ഹോൾഡേഴ്സ് മീറ്റ്, ട്രെയിനിംഗ് സ്റ്റേക്ക് ഹോൾഡേഴ്സ്, ഓട്ടോ ടാക്സി ഡ്രൈവർക്കും ഗൈഡുകൾക്കും പരിശീലനം, ബോർഡുകൾ, ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ആർടി സർട്ടിഫിക്കറ്റ്, ആർടി ബ്രോഷർ, പ്ലാസ്റ്റിക് ഫ്രീ ഡെസ്റ്റിനേഷൻ, യൂണിറ്റ് രജിസ്ട്രേഷൻ ഡ്രൈവ്, വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ് രൂപീകരണം, ഡെസ്റ്റിനേഷൻ ഡിക്ലറേഷൻ പ്രോഗ്രാം, വീഡിയോ ഡോക്കുമെന്റേഷൻ ആൻഡ് മാർക്കറ്റിംഗ് തുടങ്ങി വിവിധ പരിപാടികൾ നടത്തും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുക, കാർബണ് രഹിത, സ്ത്രീ സൗഹൃദ ടൂറിസം, ഗ്രാമാധിഷ്ഠിത വിനോദസഞ്ചാരപദ്ധതികൾ എന്നിവ നടപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം മൂന്നാറിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കൈത്തൊഴിലുകൾ, കലകൾ, കരകൗശല വിദ്യ, നാടൻ ഭക്ഷണം തുടങ്ങിയവയുമായി കോർത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമാക്കും.