കാറ്റിലും മഴയിലും വ്യാപക നാശം
1572964
Friday, July 4, 2025 11:40 PM IST
തൊടുപുഴ: കാറ്റിലും മഴയിലും മരം വീണ് വ്യാപക നാശം. ആലക്കോട് - കരിമണ്ണൂർ റൂട്ടിലും കാളിയാറിലും ഇതേത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ നാലോടെയാണ് ആലക്കോട് - കരിമണ്ണൂർ റൂട്ടിൽ വൻമരം റോഡിലേക്ക് വീണത്. മരത്തിനൊപ്പം വൈദ്യുതി പോസ്റ്റുകളും തകർന്ന് റോഡിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാർ കെഎസ്ഇബി അധികൃതരെ അറിയിച്ചതിനെത്തുടർന്ന് അവർ വിവരം അഗ്നി രക്ഷാ സേനയെ അറിക്കുകയായിരുന്നു. തൊടുപുഴയിൽനിന്ന് സീനിയർ ഫയർ ആന്ഡ് റെസ്ക്യു ഓഫീസർ പി.ടി. അലക്സാണ്ടറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം മരം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് സേനാംഗങ്ങളുടെ സഹായത്തോടെ വൈദ്യുതി പോസ്റ്റുകൾ റോഡിൽനിന്ന് നീക്കം ചെയ്തു.
കാളിയാർ ഫാക്ടറി ജംഗ്ഷനു സമീപം പുലർച്ചെ രണ്ടരയോടെയാണ് മരം വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടത്. അഗ്നിരക്ഷാ സേനാംഗങ്ങൾ അരമണിക്കൂറോളം ശ്രമിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. സേനാംഗങ്ങളായ ബിബിൻ എ. തങ്കപ്പൻ, ജയിസ് സാം. ജോസ്, എസ്. ശരത്, ജയിംസ് നോബിൾ, ടി.കെ. വിവേക്, എസ്. സന്ദീപ് എന്നിവരായിരുന്നു അഗ്നിരക്ഷാ സേനാ സംഘത്തിൽ ഉണ്ടായിരുന്നത്.
വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റിൽ പനച്ചിമൂട്ടിൽ പി.വി. സലിയുടെ വീടിനു മുകളിലേക്ക് മരം വീണ് വീട് പൂർണമായും തകർന്നു. വീടിനു മുന്നിൽനിന്നിരുന്ന മരമാണ് ശക്തമായ കാറ്റിൽ നിലം പതിച്ചത്. ഈ സമയം വീടിനുള്ളിലുണ്ടായിരുന്ന സലിയുടെ ഭാര്യ ഉഷ വീടിനുള്ളിൽനിന്ന് ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വീടിന്റെ മേൽക്കൂര പൂർണമായും തകർന്ന നിലയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരി, വില്ലേജ് ഓഫീസർ സി.കെ. അജിമോൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കൊന്താലപ്പള്ളിയിൽ കൊട്ടാരത്തിൽ ജോസഫിന്റെ വീടിനു മുകളിലേക്കും മരം വീണ് നാശനഷ്ടം ഉണ്ടായി.