പവർ ലിഫ്റ്റിംഗിൽ സ്വപ്നനേട്ടം, നാടിന് അഭിമാനമായി അഞ്ജലി
1573307
Sunday, July 6, 2025 3:46 AM IST
മറയൂർ: പവർ ലിഫ്റ്റിംഗിൽ ഉയരങ്ങൾ കീഴടക്കി കാന്തല്ലൂർ ദിണ്ഡുകൊന്പ് സ്വദേശിനിയായ പനച്ചിപ്പറന്പിൽ പി.ആർ. അഞ്ജലി രാജ്യത്തിന്റെ അഭിമാനമായി മാറുന്നു. 2022-ൽ കോയന്പത്തൂരിൽ നടന്ന ഏഷ്യൻ എക്വിപ്ഡ് പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയായിരുന്നു വിജയകുതിപ്പ്. ഇതേവർഷം ഹൈദരാബാദിൽ നടന്ന എക്വിപ്ഡ് പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ദേശീയ ജൂണിയർ വിഭാഗത്തിൽ വെള്ളി മെഡൽ നേടി.
2024ൽ ചെന്നൈയിൽ നടന്ന അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള മത്സരാർഥികൾക്കിടയിൽ അഞ്ജലി ഒന്നാമതെത്തി സുവർണനേട്ടം സ്വന്തമാക്കി. രാജസ്ഥാനിൽ നടന്ന ദേശീയ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ക്ലാസിക് വിഭാഗത്തിൽ ജൂണിയർ തലത്തിൽ സ്വർണവും നേടി.
പട്യാല, ശ്രീനഗർ, കർണാടക എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിലും അഞ്ജലി തന്റെ അജയ്യത തെളിയിച്ചു. കേരള സ്റ്റേറ്റ് എക്വിപ്ഡ് പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ 2021, 2022, 2023, 2025 വർഷങ്ങളിൽ സംസ്ഥാന തലത്തിൽ തുടർച്ചയായി സ്വർണമെഡൽ നേടി കേരളത്തിന്റെ അഭിമാനമായി.
2019, 2022, 2024ൽ കേരള സ്റ്റേറ്റ് ക്ലാസിക് പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ക്ലാസിക് വിഭാഗത്തിൽ മൂന്നുതവണ സ്വർണം നേടി. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബിരുദം പൂർത്തിയാക്കിയ അഞ്ജലി പഠനത്തിലും കായികമേഖലയിലും തന്റെ പ്രാഗൽഭ്യം തെളിയിച്ച് വ്യക്തിമുദ്ര പതിപ്പിച്ചു.
കഠിനാധ്വാനത്തിലൂടെയും അർപ്പണമനോഭാവത്തിലൂടെയുമാണ് സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ ഈ യുവതാരം നേട്ടങ്ങൾ കൊയ്തത്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടൻ എം. പ്രതീഷ്-രേഷ്മ ദന്പതികളുടെ മകളാണ്. സഹോദരി പി.ആർ. ഐശ്വര്യ ട്രിപ്പിൾ ജംപിൽ ദേശീയ ചാന്പ്യനായിരുന്നു. നിലവിൽ ദുബായിൽ ഫിറ്റ്നസ് ട്രെയിനറാണ്.
ജിതേഷ് ചെറുവള്ളി