വന്യമൃഗ ആക്രമണം: ചട്ടം മാറ്റണമെന്ന്
1573294
Sunday, July 6, 2025 3:46 AM IST
മൂന്നാർ: മലയോര ജനതയുടെ ഉറക്കം കെടുത്തുന്ന വന്യജീവി ശല്യവും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ച് സിപിഐ. വന്യമൃഗങ്ങത്തെക്കാൾ പ്രാധാന്യം മനുഷ്യനാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ പറഞ്ഞു.
വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം സാധ്യമോ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണം ഉണ്ടായാൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് നടക്കുന്നത്. വന്യജീവികൾക്ക് എല്ലാ സംരക്ഷണവും നൽകുന്ന കേന്ദ്രനിയമം നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ഇടപെടാൻ കഴിയാത്തത്.
പാർലമെന്റ് പാസാക്കിയ നിയമത്തിൽ മനുഷ്യനെക്കാളും പ്രാധാന്യം വന്യമൃഗങ്ങൾക്കാണ് നൽകിയിരിക്കുന്നത്. മനുഷ്യന്റെ ജീവനെടുക്കുന്ന വന്യമൃഗങ്ങളെ കൊല്ലാനോ നിയന്ത്രിക്കാനോ കഴിയാത്ത ചട്ടങ്ങൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സെമിനാറിൽ സംസ്ഥാന കൗണ്‍സിലംഗം എം.വൈ. ഒൗസേപ്പ് അധ്യക്ഷത വഹിച്ചു. ദേവികുളം മണ്ഡലം സെക്രട്ടറി അഡ്വ. ടി. ചന്ദ്രപാൽ, മുൻ എംപി അഡ്വ. ജോയിസ് ജോർജ്, മാധ്യമ പ്രവർത്തകൻ ലാൽ കൃഷ്ണൻ, തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജെ. ബാബു, ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹനൻ, സിപിഐ നേതാക്കളായ പി.മുത്തുപ്പാണ്ടി, ജി.എൻ. ഗുരുനാഥൻ, ജയ മധു, കെ.എം. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.