ജില്ലയിൽ മാ-കെയർ കിയോസ്കുകൾക്ക് തുടക്കം
1573578
Sunday, July 6, 2025 11:46 PM IST
ഇടുക്കി: സ്കൂളുകളിൽ വിദ്യാർഥികൾക്ക് ആവശ്യമായതെല്ലാം ലഭ്യമാക്കുന്ന കുടുംബശ്രീയുടെ മാ-കെയർ പദ്ധതിക്കു തുടക്കമായി. ആരോഗ്യകരവും പോഷകസന്പുഷ്ടവുമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്റ്റേഷനറി ഇനങ്ങൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങി കുട്ടികൾക്ക് ആവശ്യമായതെല്ലാം കിയോസ്കുകളിൽ ലഭിക്കും. കിയോസ്കുകൾ സ്ഥാപിക്കാൻ സ്ഥലം ലഭ്യമല്ലെങ്കിൽ ഉപയോഗിക്കാത്ത ക്ലാസ് മുറികൾ ഇതിനായി ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക കൂട്ടായ്മകളിലൂടെ പോഷകസമൃദ്ധമായ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് മാ-കെയർ കിയോസ്കുകളുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പാന്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് തെക്കേക്കുറ്റ് നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സണ് മോളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സരിത രാജേഷ്, മെംബർ സെക്രട്ടറി സുരേഷ്കുമാർ, പ്രിൻസിപ്പൽ കെ.വി. ഹെല്ലോക്, ഹെഡ്മാസ്റ്റർ ജോണ് മാത്യു, പിടിഎ പ്രസിഡന്റ് രമേശ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി കുര്യാച്ചൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു തറമുട്ടം ആദ്യവിൽപ്പന നടത്തി. കൊന്നത്തടി സിഡിഎസ് ചെയർപേഴ്സണ് കെ.കെ.രജനി, വാർഡ് മെംബർമാരായ ടി.പി. മൽക്ക, സുമംഗല വിജയൻ, ഹെഡ്മാസ്റ്റർ ബിനോയ് ചെമ്മരപ്പള്ളി, ബ്ലോക്ക് കോ-ഓർഡിനേറ്റർ അഞ്ജന പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.