ജനവാസ മേഖലയ്ക്കു സമീപം മാലിന്യം തളളി
1573583
Sunday, July 6, 2025 11:46 PM IST
മലങ്കര: പെരുമറ്റത്ത് മലങ്കര എസ്റ്റേറ്റിലെ റബർത്തോട്ടത്തിൽ മുസ്ലിം പള്ളിക്കു സമീപം ശുചിമുറിമാലിന്യം തളളി. ഇന്നലെ പുലർച്ചെ പ്രദേശവാസികളാണ് മാലിന്യം തള്ളിയനിലയിൽ കണ്ടെത്തിയത്. റോഡരികിലെ കയ്യാലയ്ക്കു സമീപത്തുനിന്ന് റബർത്തോട്ടത്തിലേക്ക് തള്ളിയനിലയിലാണ് കണ്ടെത്തിയത്. മാലിന്യം ഇപ്പോൾ നൂറു മീറ്ററോളം ചുറ്റളവിൽ വ്യാപിച്ച നിലയിലാണ്.
മാലിന്യം തള്ളിയതിന്റെ ഏകദേശം 50 മീറ്റർ ദൂരത്തിലാണ് ഒട്ടേറെ ജനങ്ങൾ വെള്ളം ഉപയോഗിക്കുന്ന തൊടുപുഴയാർ ഒഴുകുന്നത്. മഴ പെയ്താൽ മാലിന്യം പുഴയിലെ വെള്ളത്തിലേയ്ക്കാണ് ഒഴുകിയെത്തുന്നത്. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മുട്ടം പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്ത്വത്തിൽ മാലിന്യം മണ്ണിട്ട് നികത്തി ക്ലോറിനേഷൻ നടത്തി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് സ്ഥാപിച്ച സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്ന് ചേർത്തല രജിസ്ട്രേഷനിലുളള ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യമാണ് തള്ളിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതർ മുട്ടം പോലീസിൽ പരാതി നൽകി. വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.