സ്കൂളുകളിലെ പ്രാർഥന: മന്ത്രിയുടെ അഭിപ്രായം വിവരക്കേടെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി
1573855
Monday, July 7, 2025 11:19 PM IST
കരിമ്പൻ: സംസ്ഥാനത്തെ സ്കൂളുകളിൽ നടത്തുന്ന ഈശ്വരപ്രാർഥനകളെ സംബന്ധിച്ച, വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം ശുദ്ധ വിവരക്കേടെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി. സ്കൂളുകളിലെ ഈശ്വര പ്രാർഥനയെ സംബന്ധിച്ചു മന്ത്രി നടത്തുന്ന പ്രസ്താവനകൾ നിഴൽയുദ്ധങ്ങൾ മാത്രമാണ്.
ദേശീയഗാനം പാടുന്നത് കുഴപ്പമില്ലെന്നും ഈശ്വരപ്രാർഥന പാടുന്നതാണ് സ്കൂളുകളിലെ പ്രശ്നമെന്നുമാണ് മന്ത്രി പറയുന്നത്. കേരളത്തിലെ സ്കൂളുകളിൽ പതിറ്റാണ്ടുകളായി ഈശ്വരപ്രാർഥനയോടുകൂടിയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇത് ഗവൺമെന്റ്, എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ സ്കൂളുകളിലും തുടരുന്ന പതിവുമാണ്. സ്കൂളുകളിൽ മാത്രമല്ല സർക്കാർ മീറ്റിംഗുകളിൽപോലും ഈ പതിവുണ്ട്. ഇതു ചിലപ്പോൾ ഉച്ചത്തിലുള്ള പാട്ടുകളോ, മൗനപ്രാർഥനയോ ആകാമെന്നു മാത്രം.
ഒന്നാം ക്ലാസുമുതൽ പത്താം ക്ലാസുവരെ ഈശ്വരപ്രാർഥന കേട്ടു വളർന്നാൽ കുട്ടികളുടെ സ്വതന്ത്ര ചിന്ത നഷ്ടമാകുമെന്നാണ് മന്ത്രി പറയുന്നത്. ഇതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് മന്ത്രി തന്നെ വ്യക്തമാക്കേണ്ടതാണ്. ഈശ്വരപ്രാർഥന കേട്ടാലും ചൊല്ലിയാലും കുട്ടികൾക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയില്ലാതാകുമെന്ന വിചിത്രവാദമാണ് മന്ത്രി തന്റെ പ്രസ്താവനയിലൂടെ നടത്തുന്നത്. മതനിരാസം പ്രചരിപ്പിക്കുന്നതിനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണോ മന്ത്രിയുടെ പ്രസ്താവനയെന്നു സംശയിക്കുന്നു.
ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകളിൽ ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ളതും ഇപ്പോൾ തുടരുന്നതുമായ ഈശ്വരപ്രാർഥനകൾ തുടരുകതന്നെ ചെയ്യും. ഇവിടെ മതം അടിച്ചേല്പിക്കുന്ന പ്രവർത്തനങ്ങളോ പ്രാർഥനാരീതികളോ ഇല്ലാത്തതാണ്. ഇതു വർഷങ്ങളായി തുടരുന്നതും എല്ലാ വിഭാഗം ജനവിഭാഗങ്ങളും അംഗീകരിച്ചതുമാണ്. മന്ത്രിയുടെ അനവസരത്തിലെ പ്രസ്താവനകൾ വർഗീയ, സാമൂഹിക, സാമുദായിക ചേരിതിരിവിനു മാത്രമേ ഉപകരിക്കുകയുള്ളൂ.
ഇടുക്കി രൂപതാ കാര്യാലയത്തിൽ കൂടിയ ജാഗ്രതാസമിതി യോഗത്തിൽ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. ജാഗ്രതാസമിതി സെക്രട്ടറി ബിനോയി മഠത്തിൽ, ഇടുക്കി രൂപതാ മീഡിയാ കമ്മീഷൻ ഡയറക്ടർ, ഫാ. ജിൻസ് കാരക്കാട്ട്, ജോർജുകുട്ടി എം.വി., ജിജി ഏബ്രഹാം, ജോർജ് കോയിക്കൽ, സിജോ ഇലന്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.