നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്ക്
1574138
Tuesday, July 8, 2025 9:36 PM IST
നെടുങ്കണ്ടം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ താലൂക്ക് ആശുപത്രി മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് നെടുങ്കണ്ടം, ഉടുമ്പന്‍ചോല ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
പടിഞ്ഞാറേക്കവലയില്നിന്ന് ആരംഭിച്ച മാര്‍ച്ച് കിഴക്കേക്കവലയിലെ താലൂക്ക് ആശുപത്രി റോഡില്‍ പോലീസ് വടം കെട്ടി തടഞ്ഞു. ഇത് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രവര്‍ത്തകരും പോലീസും ഏറെനേരം പരസ്പരം ഏറ്റുമുട്ടി. പോലീസിന്റെ ലാത്തികൊണ്ടുള്ള അടിയേറ്റാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. മുതിര്‍ന്ന നേതാക്കള്‍ ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
തുടര്‍ന്ന് നടന്ന ധര്‍ണ മുന്‍ ഡിസിസി പ്രസിഡന്റെ ജോയി തോമസ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എസ്. യശോധരന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.പി. ജോസ്, അഡ്വ. എം.എന്‍. ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.