മൂലമറ്റത്ത് മരം അപകട ഭീഷണിയുയർത്തുന്നു
1574143
Tuesday, July 8, 2025 9:36 PM IST
മൂലമറ്റം: ടൗണിനു സമീപം പ്രധാന റോഡിനോടുചേർന്നു നിൽക്കുന്ന മരം അപകടഭീഷണിയുയർത്തുന്നതായി പരാതി. മരം ഒടിഞ്ഞുവീണാൽ വൈദ്യുതി ലൈനും കെട്ടിടങ്ങൾക്കും തകരാർ സംഭവിക്കും. അപകടഭീഷണിയിൽ നിൽക്കുന്ന ഈ മരത്തിനു സമീപംനിന്ന മരം വീണ് കുറച്ചു വർഷങ്ങൾക്ക് മുന്പ് ചേറാടി സ്വദേശിയായ തൊഴിലാളി മരിച്ചിരുന്നു. എന്നിട്ടും നിലവിൽ അപകടഭീഷണി ഉയർത്തിനിൽക്കുന്ന മരം വെട്ടിമാറ്റുന്ന കാര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
മരം വെട്ടി നീക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ നേതൃത്വത്തിൽ അറക്കുളം പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും തീരുമാനമുണ്ടായില്ല. മരം കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നും ഇതു വെട്ടിമാറ്റേണ്ട ചുമതല അവർക്കാണെന്നും പറഞ്ഞ് കെഎസ്ഇബിക്ക് കത്ത് നൽകി അവർ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറി.
മരം വെട്ടി മാറ്റിയില്ലെങ്കിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.