മൂവാറ്റുപുഴ-തേനി സംസ്ഥാന പാത : അധികൃതരുടെ മെല്ലെപ്പോക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു
1574140
Tuesday, July 8, 2025 9:36 PM IST
തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയിലെ കൈയേറ്റമുള്ള ഭാഗം സർവേ നടത്തി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറണമെന്ന ഹൈക്കോടതി നിർദേശം പാലിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. മൂവാറ്റുപുഴ ചാലിക്കടവ് പാലം മുതൽ പെരുമാങ്കണ്ടം വരെ ജർമൻ സാന്പത്തിക സഹായത്തോടെ റോഡ് നിർമാണം പൂർത്തീകരിച്ചിട്ട് അഞ്ചുവർഷത്തോളമായി.
കുമാരമംഗലം വില്ലേജിലെ പെരുമാങ്കണ്ടം മുതൽ കോടിക്കുളം വില്ലേജിലെ മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള മൂന്നു കിലോമീറ്റർ ദൂരമാണ് സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ളത്. ഈ ഭാഗം അളന്നുതിരിച്ച് കല്ലിട്ട് തിരിക്കണമെന്ന നിർദേശമാണ് ഇനിയും പൂർത്തിയാകാനുള്ളത്.
ഹൈവേ പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് കിഴക്കേൽ, വൈസ് ചെയർമാൻ എം.ജെ. ജോണ് മാറാടികുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി സന്പാദിച്ചിരുന്നു. ഇതേത്തുടർന്നു സ്വകാര്യവ്യക്തികളും കൈവശമുള്ള ഭൂമി ആളന്നുതിരിച്ച് കല്ലിടാൻ ഇടുക്കി ജില്ലാകളക്ടർ വി. വിഗ്നേശ്വരി തൊടുപു ഭൂരേഖാ തഹസിൽദാർക്ക് നിർദേശം നൽകുകുയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സർവേ ജീവനക്കാർ സ്ഥലം അളന്നുതിരിക്കാനുള്ള ജോലി ആരംഭിച്ചെങ്കിലും നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല.
സ്ഥലം അളന്നുതിരിച്ച് കല്ലിട്ട് ഏറ്റെടുത്തുനൽകിയാൽ മാത്രമേ പൊതുമരാമത്തു വിഭാഗത്തിനു തുടർനടപടികളുമായി മുന്നോട്ടുപോകാനാകൂ.
നിലവിൽ മൂന്നുകിലോമീറ്റർ ദൂരം ഏറ്റെടുത്ത് നിർമാണം നടത്തുന്നതിനായി പി.ജെ. ജോസഫ് എംഎൽ എ ഇടപെട്ട് ആറരക്കോടി രൂപയോളം അനുവദിച്ചിട്ടുണ്ട്.
എന്നാൽ സ്ഥലം ഏറ്റെടുക്കാത്തതിനാൽ ഈ ഫണ്ട് പാഴാകുന്ന സ്ഥിതിയാണ് നിലവിൽ.
അടിയന്തരമായി സ്ഥലം ഏറ്റെടുത്ത് നിർമാണ ജോലി ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതിനിടെ പാതയുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതി അടുത്ത ദിവസം വീണ്ടും പരിഗണിച്ചേക്കും.