ജന്തുജന്യരോഗം: കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്
1574141
Tuesday, July 8, 2025 9:36 PM IST
തൊടുപുഴ: ജന്തുജന്യ രോഗങ്ങൾ ജീവന് ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ ജനങ്ങൾ ഇതിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.
റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 60 ശതമാനം പകർച്ചവ്യാധികളും ജന്തു ജന്യമായതിനാൽ ഏകാരോഗ്യം എന്ന പദ്ധതിയിലൂടെ രോഗവ്യാപനം തടയുന്നതിനായി രോഗ നിരീക്ഷണപ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കണമെന്ന് നിർദേശമുണ്ട്.
എലിപ്പനി, സ്ക്രബ് ടൈഫസ്, കുരങ്ങ് പനി, നിപ, പേ വിഷബാധ, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, പക്ഷിപ്പനി എന്നിവയാണ് സാധാരണയായി റിപ്പോർട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങൾ.
ജീവികളിൽനിന്ന് വൈറസ്, ബാക്ടീരിയ, പരാദങ്ങൾ തുടങ്ങിയ രോഗാണുക്കൾ മനുഷ്യരിലെത്തിയാണ് ഇത്തരം രോഗങ്ങൾ പിടിപെടുന്നത്.
മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സന്പർക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സന്പർക്കം എന്നിവയിലൂടെ രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്. മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകൾ എന്നിവിടങ്ങളിലുള്ള ഇടപെടലുകൾ, വളർത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ടുകഴിഞ്ഞാൽ ഉടൻതന്നെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
മൃഗങ്ങളെ മുഖത്തോട് ചേർത്ത് ഓമനിക്കരുത്. അഞ്ച് വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവർ മൃഗങ്ങളുമായി അടുത്ത് പെരുമാറുന്പോൾ കൂടുതൽ ശ്രദ്ധിക്കണം.
മൃഗങ്ങളിൽനിന്ന് മുറിവോ പോറലുകളോ ഉണ്ടായാൽ ഉടൻതന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം. വളർത്തു മൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി എടുക്കണം. വനമേഖലയിൽ തൊഴിലിനും വിനോദത്തിനുമായി പോകുന്പോൾ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
ജന്തുജന്യരോഗ
ദിനാചരണം നടത്തി
ഇടുക്കി: ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ജന്തുജന്യരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷാ രതീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ സർവെയ്ൻസ് ഓഫീസർ ഡോ. ജോബിൻ ജി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. രാജാക്കാട് മെഡിക്കൽ ഓഫീസർ ഡോ. ദീപു കൃഷ്ണ ക്ലാസ് നയിച്ചു.