അടിമാലി: കോടതികളുടെ കുറവാണ് രാജ്യത്ത് സുതാര്യമായ നിയമനടത്തിപ്പിന് തടസമാകുന്നതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഉബൈദ്. അടിമാലി മുൻസിഫ് മജിസ്ട്രേറ്റ് കോടതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫയലുകൾ രജിസ്റ്റർ ചെയ്യപ്പെട്ടാൽമാത്രം പോര, അതിന് കൃത്യമായ പരിഹാരമുണ്ടാകുന്പോൾ മാത്രമേ സാധാരണക്കാർക്ക് നീതി ലഭിക്കുകയുള്ളൂ. അടിമാലിയിലെ പുതിയ മുൻസിഫ് കോടതി അതിനു സഹായകരമാകുമെന്നാണ് കരുതുന്നതെന്നും ജസ്റ്റിസ് പി. ഉബൈദ് പറഞ്ഞു.
ജില്ലാ ജഡ്ജി മുഹമ്മദ് വസിം അധ്യക്ഷതവഹിച്ചു. കോടതികളിൽ പേപ്പർലെസ് ഫയലിംഗ് സംവിധാനത്തിനുള്ള നടപടികൾക്ക് രാജ്യത്ത് ആരംഭിച്ചതായും ഇതിനനുസരിച്ച് രാജ്യത്തെ ജനങ്ങളും അഭിഭാഷകരും മാറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. സുദീപ്, അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടി.കെ. അനിരുദ്ധൻ, സബ് ജഡ്ജ് എ.എം. അഷ്റഫ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. മുരുകേശൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, അടിമാലി ബാർ അസോസിയേഷൻ പ്രസിഡന്റ് റെജി മാത്യു പുതുശേരി, സെക്രട്ടറി പ്രവീണ്‍ കെ. ജോർജ്, ബാർ കൗണ്‍സിൽ അംഗം ജോസഫ് ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ഇടുക്കിയിലെ ആറാമത്തെ മുൻസിഫ് കോടതിയാണ് അടിമാലിയിൽ ആരംഭിച്ചിരിക്കുന്നത്. തൊടുപുഴ, കട്ടപ്പന, ഇടുക്കി, പീരുമേട്, ദേവികുളം എന്നിവിടങ്ങളിലാണ് മറ്റുള്ളവ. ദേവികുളം മുൻസീഫ് കോടതിയുടെ പരിധിയിലുള്ള മന്നാങ്കണ്ടം, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, ആനവിരട്ടി, പള്ളിവാസൽ എന്നീ വില്ലേജുകളിലെ സിവിൽ കേസുകൾ അടിമാലി മുൻസീഫ് കോടതിയിലാണ് കൈകാര്യം ചെയ്യുന്നത്. അടിമാലി ബാർ അസോസിയേഷന്റെ കെട്ടിടത്തിലാണ് പുതിയ കോടതി താൽകാലികമായി പ്രവർത്തിക്കുന്നത്.