എസ്എസ്എല്‍സി : ജില്ലയില്‍ 99.76% വിജയം
1549386
Saturday, May 10, 2025 4:17 AM IST
270 സ്കൂളുകള്‍ക്ക് നൂറുശതമാനം വിജയം
45,317 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി
കൊച്ചി: എസ്എസ്എല്‍സി പരീക്ഷയില്‍ 99.76 ശതമാനം വിജയവുമായി ജില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ കുറവ് സംഭവിച്ചെങ്കിലും, കണ്ണൂരിനും കോട്ടയത്തിനും പിന്നിലായി സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജില്ല വിജയ ശതമാനത്തില്‍ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം 99.86 ആയിരുന്നു വിജയ ശതമാനം
ജില്ലയില്‍ ഈ വര്‍ഷം 32,868 കുട്ടികള്‍ പരീക്ഷയെഴുതി.
32,789 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 32,216 പേര്‍ക്കായിരുന്നു ഉന്നത വിദ്യാഭ്യാസ യോഗ്യത. 79 പേരാണ് ഇത്തവണ ഉപരിപഠനത്തിനുള്ള യോഗ്യത നേടാതെ പോയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ടായി. 5,317 പേര്‍ക്കാണ് ഇത്തവണ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. എ പ്ലസിലെ കുത്തക ഇത്തവണയും പെണ്‍കുട്ടികള്‍ നിലനിര്‍ത്തി. 3,576 പെണ്‍കുട്ടികള്‍ എല്ലാ വിഷങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി. 1,741 ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായത്.
നൂറുമേനിയില് 270 വിദ്യാലയങ്ങള്‍
ജില്ലയില്‍ 100 ശതമാനം വിജയം നേടി 270 വിദ്യാലയങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇത് 287 ആയിരുന്നു. ഇത്തവണ നൂറുശതമാനം വിജയം നേടിയതില്‍ 82 എണ്ണം സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. ബാക്കിയുള്ള 138 സ്കൂളുകള്‍ എയ്ഡഡും, 50 വിദ്യാലയങ്ങള്‍ അണ് എയ്ഡഡ് മേഖലയിലുള്ളതുമാണ്.
കടയിരുപ്പ് ഗവ. എച്ച്.എസ്എസാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടുതല്‍ പേരെ പരീക്ഷയ്ക്കിരുത്തി എല്ലാവരെയും വിജയിപ്പിച്ചത് (256). നൂറു ശതമാനം പട്ടികയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ആകെ എട്ട് സ്കൂളുകളൊഴിച്ച് ബാക്കി സ്കൂളുകളെല്ലാം 2024ലെ നേട്ടം ആവര്‍ത്തിച്ചു.
എ പ്ലസ് ആലുവ
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ ആലുവ വിദ്യാഭ്യാസ ജില്ല 99.78 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 12,557 പേരില്‍ 12,530 പേരെയും വിജയിപ്പിച്ചു. ഏറ്റവും കൂടുതല്‍ എ പ്ലസുകാരെന്ന നേട്ടം ഇത്തവണയും ആലുവയ്ക്കാണ്(2,199). 734 ആണ്‍കുട്ടികളും 1,465 പെണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഇത്തവണ 99.81 ശതമാനമാണ് വിജയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണിത്. 3,598 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 3,591 പേരും ജയിച്ചു. 690 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. 5,569 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ 5,658 പേര് വിജയിച്ചു, 99.81 ശതമാനം വിജയം.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 885 പേര്. 99.69 ശതമാനം വിജയം നേടിയ എറണാകുളം വിദ്യാഭ്യാസ ജില്ലയാണ് വിജയശതമാനത്തില്‍ ഏറ്റവും പിറകില്‍. 11,044 വിദ്യാര്‍ഥികളില്‍ 11,010 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 1,543 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
ലക്ഷദ്വീപില്‍ 95.75 ശതമാനം വിജയം
ലക്ഷദ്വീപില്‍ ഇത്തവണ 95.75 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 97.19 ആയിരുന്നു. ഒമ്പത് സ്കൂളുകളിലായി 447 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 428 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. നാല് വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. നാല് സ്കൂളുകള്‍ മുഴുവന്‍ പേരെയും വിജയിപ്പിച്ചു.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലും മികച്ച വിജയം
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലും ജില്ല മികച്ച വിജയം നേടി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ എസ്സി വിഭാഗത്തില്‍ നിന്ന് പരീക്ഷയെഴുതിയ 341 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് പരീക്ഷയെഴുതിയ 23 വിജയിച്ചു. എറണാകുളത്ത് എസ്സി വിഭാഗത്തില്‍ 926 പേരും, എസ്ടി വിഭാഗത്തില്‍ 56 വിദ്യാര്‍ഥികളും വിജയിച്ചു.
കോതമംഗലത്ത് എസ്സി വിഭാഗത്തില്‍ നിന്ന് 528 പേരും, എസ്ടി വിഭാഗത്തില്‍ നിന്നുള്ള 78 വിദ്യാര്‍ഥികളും, ആലുവയില്‍ എസ്സി വിഭാഗത്തില്‍ നിന്ന് പരീക്ഷയെഴുതിയ 1,430 കുട്ടികളില്‍ 1424 പേരും, എസ്ടി വിഭാഗത്തില്‍ നിന്ന് 51 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 50 പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി.
photo : എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ എറണാകുളം സെന്റ് തെരേസാസ് കോണ്‍വന്റ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനികള്‍ സ്കൂള്‍ പ്രധാനാധ്യാപികയ്ക്ക് മധുരം നല്കുന്നു.